ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റതിന് ശേഷം പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിൽ 23കാരനായ യുവാവ് ജീവനൊടുക്കിയതായി കുടുംബം പറഞ്ഞു. ഇന്നലെ രാത്രി 11 മണിയോടെ ബെലിയേറ്റൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
നാട്ടിലെ ഒരു തുണിക്കടയിൽ ജോലി ചെയ്തിരുന്ന രാഹുൽ ലോഹർ ഫൈനൽ മത്സരം കാണാൻ ഞായറാഴ്ച അവധിയെടുത്തിരുന്നു. ഓസ്‌ട്രേലിയയുമായുള്ള ഇന്ത്യയുടെ തോൽവിയിൽ മനംനൊന്ത് അദ്ദേഹം തന്റെ മുറിയിൽ വച്ച് ജീവനൊടുക്കി- ഭാര്യാസഹോദരൻ ഉത്തം സുർ വെളിപ്പെടുത്തി. ക്രിക്കറ്റ് മത്സരഫലത്തിന്റെ വൈകാരിക ആഘാതം മാറ്റിനിർത്തിയാൽ രാഹുലിന്റെ ജീവിതത്തിൽ പ്രത്യക്ഷമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സുർ പറയുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത് അധികൃതർ തിങ്കളാഴ്ച രാവിലെ ബങ്കുര സമ്മിലാനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം അയച്ചു. മരണകാരണത്തെക്കുറിച്ച് പ്രതികരിക്കാൻ പോലീസ് വിസമ്മതിച്ചതോടെ അന്വേഷണം പുരോഗമിക്കുകയാണ്. ഞായറാഴ്ച അഹമ്മദാബാദിൽ നടന്ന ലോകകപ്പ് കിരീടപ്പോരാട്ടത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന്റെ തോൽവിയാണ് ഏറ്റുവാങ്ങിയത്.
Leave a reply