ഇന്ത്യൻ ടീമിൽ കളിക്കാൻ ആളില്ല, ടി-ട്വന്റി ടീം സെലക്ഷൻ ആശങ്കയിൽ

ക്രുണാൽ പാണ്ട്യക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി-ട്വന്റി മത്സരം ഇന്നത്തേക്ക് മാറ്റിവച്ചിരുന്നു. ക്രുണാൽ പാണ്ട്യയോട് അടുത്തിടപഴകിയ 8 താരങ്ങളെ ഐസൊലേഷനിലേക്ക് മാറ്റിയതിനാൽ ആകെ 9 താരങ്ങൾക്ക് ഇന്നത്തെയും, നാളെ നടക്കേണ്ട മൂന്നാം ടി-ട്വന്റിയിലും പങ്കെടുക്കാൻ ആവില്ല. ഇഷാൻ കിഷാൻ, പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡേ, ഹർദ്ദിക് പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, യുസ്‌വേന്ദ്ര ചഹാൽ, ദീപക് ചഹർ എന്നിവരാണ് ഐസൊലേഷനിലായിരിക്കുന്നത് എന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്നലെ നടത്തിയ കോവിഡ് പരിശോധനയിൽ ടീം അംഗങ്ങളെല്ലാം കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും കോവിഡ് മാനദണ്ഡം അനുസരിച്ച് ഈ താരങ്ങൾ ഐസൊലേഷനിൽ കഴിയണം.

ശിഖർ ധവാൻ, ദേവദത്ത് പടിക്കൽ, ഋതുരാജ് ഗെയ്ക്‌വാദ്, നിതീഷ് റാണ എന്നിവരാണ് ഇപ്പോൾ ടീമിലുള്ള ബാറ്റിംഗ് നിര. സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായും ടീമിലുണ്ട്. ഭുവനേശ്വർ കുമാറിനെ ഓൾറൗണ്ടറായി പരിഗണിച്ചാൽ ചേതൻ സക്കരിയ, നവദീപ് സെയ്നി, രാഹുൽ ചഹാർ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവരെ ബൗളർമാരായി ടീമിൽ പരിഗണിക്കേണ്ടിവരും. സന്തുലിതമായ ഇലവനെ കണ്ടെത്താൻ ടീം ഇന്ത്യ ബുദ്ധിമുട്ടുമെന്നത് തീർച്ച.

നെറ്റ് പ്രാക്റ്റീസ് ബൗളേഴ്‌സായി ടീമിനൊപ്പം ഉണ്ടായ ഇഷാൻ പോരൾ, സന്ദീപ് വാര്യർ, അർഷദീപ് സിംഗ്, സിമാർജീത് സിംഗ്, സായി കിഷോർ എന്നിവരെ ടീം സ്‌ക്വാഡിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്

കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ക്രുണാൽ പാണ്ട്യയെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റി. മറ്റു ടീം അംഗങ്ങളെല്ലാം കൊളംബോയിലെ ഹോട്ടലിൽ തന്നെ തുടരുകയാണ്. മൂന്നാം ടി-ട്വന്റി കഴിഞ്ഞ് ജൂലൈ 30ന് ടീം ഇന്ത്യ നാട്ടിലേക്ക് മടങ്ങുമെങ്കിലും ക്രുണാൽ പാണ്ട്യക്ക് രണ്ടാഴ്ചത്തെ ക്വാറന്റൈൻ കഴിഞ്ഞു മാത്രമേ നാട്ടിലേക്ക് മടങ്ങാൻ ആവൂ. എന്നാൽ ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന ഇംഗ്ലണ്ട് ടെസ്റ്റ് സീരിസിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിൽ പരിക്കേറ്റ താരങ്ങൾക്ക് പകരക്കാരായി കണ്ടെത്തിയ സൂര്യകുമാർ യാദവും, പൃഥ്വി ഷായും നിലവിൽ ഐസൊലേഷനിൽ ആയതിനാൽ ഇവർക്ക് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കാൻ ആവുമോ എന്ന ആശങ്കയും നിലനിൽക്കുകയാണ്.

  • ✍️ എസ്. കെ
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply