ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ഡിവില്ല്യേഴ്സ് ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിച്ചു. 37കാരനായ താരം ഐപിഎൽ ഉൾപ്പെടെ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്ന് കൂടി വിരമിക്കുന്നതായി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു. ബംഗളൂരു മാനേജ്മെന്റ് അടക്കം തന്റെ ഫ്രാഞ്ചൈസി ടീം മാനേജ്മെന്റുകൾക്കും പരിശീലകർക്കും സഹതാരങ്ങൾക്കുമൊക്കെ താരം നന്ദി അറിയിച്ചു.
2018 മെയിലാണ് ഡിവില്ല്യേഴ്സ് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചത്. അപ്രതീക്ഷിതമായുള്ള വിരമിക്കലിൽ ക്രിക്കറ്റ് ലോകം ഞെട്ടിയിരുന്നു. രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചസി ക്രിക്കറ്റിൽ അദ്ദേഹം കളിച്ചിരുന്നു. അവസാനമായി കഴിഞ്ഞ സീസൺ ഐപിഎലിൽ ആർസിബിയ്ക്ക് വേണ്ടിയാണ് ഡിവില്ല്യേഴ്സ് കളിച്ചത്.
ക്രിക്കറ്റിലെ സാധാരണ ബാറ്റിംഗ് ഷോട്ടുകൾക്ക് പുറമെ തന്റേതായ ബാറ്റിംഗ് ശൈലിയിലൂടെ ഏറെ പ്രസ്തനാണ് എ.ബി.ഡി എന്ന ചുരക്ക നാമത്തിലറിയപ്പെടുന്ന എ.ബി.ഡിവില്ല്യേഴ്സ്. സ്റ്റേഡിയത്തിന്റെ ഏത് മൂലയിലേക്കും പന്തിനെ അടിച്ചു വിടാനുള്ള ഡിവില്ല്യേഴ്സിന്റെ കഴിവിനെ പുകഴ്ത്തി “മിസ്റ്റർ 360°” എന്നാണ് ആരാധകർ താരത്തെ വിളിച്ചിരുന്നത്. ഇന്ത്യയിലും ഏറെ ആരാധകരുള്ള താരമാണ് എ.ബി.ഡി.
✍? എസ്.കെ.
Leave a reply