വിമർശിച്ചവർക്ക് വായടപ്പിക്കുന്ന മറുപടി; ബിസിസിഐയുടെ ടീം ഇന്ത്യ ഏഷ്യാ കപ്പ് ജേതാക്കൾ- ഫൈനലിൽ തീപ്പൊരിയായി സിറാജ്.

ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ടീം ഇന്ത്യ ഏഷ്യാ കപ്പ് 2023 ജേതാക്കളായി. ശ്രീലങ്കയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയെ വിറപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ തുടക്കം. മത്സരത്തിന്റെ മൂന്നാം പന്തിൽ തന്നെ ഓപ്പണർ പെരേരയെ പുറത്താക്കി ബുംറ ഇന്ത്യക്ക് മികച്ച തുടക്കം നൽകി. തുടർന്ന് മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ച ശ്രീലങ്കയെ നിലംതൊടാൻ അനുവദിക്കാതെയായിരുന്നു ‘സിറാജ് കൊടുക്കാറ്റ്’ നാലാം ഓവറിൽ ആഞ്ഞടിച്ചത്. തന്റെ രണ്ടാം ഓവറിൽ നാല് വിക്കറ്റുകൾ പിഴുത സിറാജ് ശ്രീലങ്കയുടെ നടുവൊടിച്ചു. എന്നാൽ അവിടംകൊണ്ടും അവസാനിപ്പിക്കാൻ സിറാജ് തയ്യാറായില്ല.

തന്റെ അടുത്ത ഓവറിൽ ശ്രീലങ്കൻ ക്യാപ്റ്റൻ ശനകയെ പൂജ്യത്തിനു ക്ലീൻ ബൗൾഡാക്കി സിറാജ് ലങ്കയുടെ പതനം ഉറപ്പാക്കി. തുടർന്നുള്ള ഓവറിൽ ധനഞ്ജയയെ കൂടെ സിറാജ് ക്ലീൻ ബൗൾഡ് ആക്കിയതോടെ തിരിച്ചുവരാൻ സാധികാത്ത വിധം ലങ്കൻ പട മുങ്ങിത്താണിരുന്നു. പിന്നീടെല്ലാം ചടങ്ങുകൾ മാത്രമായി. അവശേഷിക്കുന്ന മൂന്നു വിക്കറ്റ് ഹർദിക് പാണ്ട്യ കൂടെ വീഴ്ത്തിയതോടെ ശ്രീലങ്കയെ ഇന്ത്യ 15.2 ഓവറിൽ 50 റൺസിൽ ചുരുട്ടിക്കൂട്ടി. ശ്രീലങ്കൻ നിരയിൽ 5 പേർ പൂജ്യത്തിനു പുറത്തായപ്പോൾ, ഹേമന്ത മാത്രമാണ് രണ്ടക്കം കണ്ടത്.

എന്നാൽ മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് വെല്ലുവിളികളൊന്നും ഉയർത്താൻ ശ്രീലങ്കൻ ബൗളേഴ്‌സിന് സാധിച്ചില്ല. ഇതോടെ ഓപ്പണർമാരായ ഇഷാൻ കിഷനും, ശുഭ്മാൻ ഗില്ലും ചേർന്ന് 6.1 ഓവറിൽ തന്നെ ഇന്ത്യയെ 51 റൺസെന്ന ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.ഇന്ത്യയുടെ എട്ടാം ഏഷ്യ കപ്പ് വിജയമാണിത്. ഏറ്റവും കൂടുതൽ തവണ ഏഷ്യ കപ്പ് നേടിയ ടീമും ഇന്ത്യയാണ്. ഇന്ന് ഫൈനലിൽ പരാജയപ്പെട്ട ശ്രീലങ്കയാണ് ഇന്ത്യക്ക് പിന്നിൽ കൂടുതൽ ഏഷ്യ കപ്പ് സ്വന്തമായുള്ള രാജ്യം (6). ഏഷ്യ കപ്പ് വിജയം ഏകദിന ലോകകപ്പിന് ആഴ്ചകൾ ബാക്കി നിൽക്കെ ഇന്ത്യൻ നിരയ്ക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്ന് ഉറപ്പാണ്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply