ഏകദിന ലോകകപ്പ് സാധ്യത സ്‌ക്വാഡ് പുറത്ത്; സഞ്ജു സാംസൺ ?

ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യത സ്‌ക്വാഡില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടിയിട്ടുണ്ടോ എന്നാണ് മലയാളി ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്. ജനുവരി മാസത്തിന്റെ തുടക്കത്തിൽ 20 പേരടങ്ങുന്ന സാധ്യത പട്ടിക ബിസിസിഐ തയ്യാറാക്കിയതായി റീപ്പർട്ടുകൾ വന്നിരുന്നു. ഈ 20 താരങ്ങൾക്ക് കൂടുതൽ അവസരം നൽകി ലോകകപ്പിന് മികച്ച സ്‌ക്വാഡിനെ തിരഞ്ഞെടുക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. എന്നാൽ ഈ 20 താരങ്ങൾ ആരൊക്കെയാണെന്നത് പുറത്ത് വന്നിട്ടില്ല.

എന്നാൽ സൂചനകളുടെ അടിസ്ഥാനത്തിൽ ഈ 20 പേരിൽ മലയാളി താരം സഞ്ജു സാംസണ് ഇടമില്ല എന്ന് തന്നെ വേണം അനുമാനിക്കാൻ. ഇതിനു ശേഷം ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലോ, ന്യൂസിലാൻഡ് പരമ്പരയിലോ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ശ്രീലങ്കയ്‌ക്കെതിരായ ടി-ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ പരിക്കേറ്റ് സ്‌ക്വാഡിൽ നിന്നും പുറത്തായതും സഞ്ജുവിന് തിരിച്ചടിയാണ്. കൂടാതെ ലോകകപ്പിന് ഇന്ത്യയിലെ സ്പിന്‍ പിച്ചില്‍ സഞ്ജുവിന് വേണ്ടത്ര തിളങ്ങാന്‍ സാധിക്കുമോ എന്ന ആശങ്ക സെലക്ടര്‍മാര്‍ക്കുണ്ട്. സ്പിന്നിനെ നന്നായി കളിക്കുന്ന ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം പിടിക്കാനാണ് സാധ്യത. ഇതും സഞ്ജുവിന്റെ സാധ്യത കുറയ്ക്കുന്നു.

ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ടീമില്‍ തുടർന്നേക്കും. ബാക്കപ്പ് ഓപ്പണറായി ഇഷാന്‍ കിഷനെ പരിഗണിക്കാനാണ് സാധ്യത. വിരാട് കോഹ്ലി മൂന്നാം നമ്പറിൽ കാണുമെന്ന് ഉറപ്പാണ്. നാലാമത് ശ്രേയസ് അയ്യര്‍ക്ക് ശേഷം മാത്രമായിരിക്കും, ടി-ട്വന്റിയിൽ മികച്ച ഫോമിലുള്ള സൂര്യകുമാര്‍ യാദവിനെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കുക. ഋഷഭ് പന്ത് അപകടത്തിൽ പരിക്കേറ്റ് പുറത്തായതിനാൽ വിക്കറ്റ് കീപ്പറായി കെ.എൽ രാഹുൽ ടീമിൽ കാണും. ഓപ്പണറായും പരിഗണിക്കാമെന്നത് രണ്ടാം കീപ്പറായി ഇഷാൻ കിഷന് സാധ്യത കൂട്ടുന്നു. ഇത്തരത്തിൽ നോക്കിയാൽ നിലവിലെ സാഹചര്യത്തിൽ ലോകകപ്പ് ടീമിൽ സഞ്ജു ഇടം നേടാൻ യാതൊരു സാധ്യതയും ഇല്ല. പരിക്ക് മാറി തിരിച്ചെത്തിയാൽ ഐ.പി.എല്ലിലും, തുടർന്ന് ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്താൽ ലോകകപ്പ് ടീമിൽ ഇടം നേടാൻ സഞ്ജുവിന് മുന്നിൽ ചെറിയൊരു സാധ്യതയെങ്കിലും ബാക്കിയാക്കാനാവും.

വിവിധ വാർത്ത ഏജൻസികൾ ഇന്ത്യയുടെ സാധ്യത ടീമായി പരിഗണിക്കുന്ന സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്‌.

What’s your Reaction?
+1
25
+1
16
+1
12
+1
34
+1
29
+1
44
+1
162

Leave a reply