നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം

നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയെ ഇന്നിങ്സിനും 132 റണ്‍സിനും തറപറ്റിച്ച് ഇന്ത്യ. സ്പിന്നര്‍മാരുടെ പറുദീസയായി മാറിയ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയുടെ രണ്ടാമിന്നിങ്സ് വെറും 91 റണ്‍സിന് അവസാനിച്ചു. ആര്‍.അശ്വിന്‍ അഞ്ചുവിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജയും ഷമിയും രണ്ടുവിക്കറ്റ് വീതവും അക്സര്‍ പട്ടേല്‍ ഒരുവിക്കറ്റും നേടി. ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരെയും മറ്റ് മൂന്ന് മുന്‍നിര ബാറ്റര്‍മാരെയും മടക്കിയ അശ്വിന്‍ ഒന്നാമിന്നിങ്സില്‍ മൂന്നുവിക്കറ്റ് നേടിയിരുന്നു. 25 റണ്‍സോടെ പുറത്താകാതെ നിന്ന സ്റ്റീവ് സ്മിത്ത് മാത്രമാണ് ഓസീസ് നിരയില്‍ പ്രതിരോധിക്കാനെങ്കിലും മുതിര്‍ന്നത്. ഏഴ് ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

രാവിലെ ഏഴുവിക്കറ്റിന് 321 റണ്‍സ് എന്ന നിലയില്‍ മൂന്നാംദിവസം ബാറ്റിങ് ആരംഭിച്ച ഇന്ത്യ വാലറ്റക്കാരുടെ മികവില്‍ 400 റണ്‍സെടുത്തു. രാവിലെ ഏഴുറണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ജഡേജയെ നഷ്ടമായെങ്കിലും ഉജ്വലമായി ബാറ്റ് ചെയ്ത അക്സര്‍ പട്ടേല്‍ ഷമിയെ കൂട്ടുപിടിച്ച് സ്കോര്‍ 380ലെത്തിച്ചു. ഷമി 47 പന്തില്‍ 37 റണ്‍സെടുത്തു. ഒന്‍പതാം വിക്കറ്റില്‍ 59 റണ്‍സിന്റെ കൂട്ടുകെട്ട്. പിന്നെയും പോരാട്ടം തുടര്‍ന്ന അക്സര്‍ മുഹമ്മദ് സിറാജിനൊപ്പം സ്കോര്‍ 400ലെത്തിച്ചു. 174 പന്തില്‍ 84 റണ്‍സെടുത്ത അക്സര്‍ പാറ്റ് കമിന്‍സിന്റെ പന്തില്‍ ബോള്‍ഡായതോടെ ഇന്ത്യന്‍ ഇന്നിങ്സിന് സമാപനം. 19 പന്ത് നേരിട്ട സിറാജ് പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്കുവേണ്ടി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച സ്പിന്നര്‍ ടോഡ് മര്‍ഫി ഏഴുവിക്കറ്റെടുത്ത് തുടക്കം അവിസ്മരണീയമാക്കി.

ജയത്തോടെ ഇന്ത്യ നാലുമല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ 1–0ന് മുന്നിലെത്തി.

What’s your Reaction?
+1
0
+1
1
+1
5
+1
5
+1
3
+1
4
+1
3

Leave a reply