സിഡ്ണിയിലെ പാഡിങ്ങ്ടണ്ണിൽ ജനിച് ചെറുപ്പം മുതൽക്കേ ക്രിക്കറ്റ് കളിച് വളർന്ന ഒരു പയ്യനോട് അവന്റെ കോച്ച് പതിമൂന്നാം വയസ്സിൽ ഒരു ഇടങ്കയ്യൻ ബാറ്റ്സ്മാനിൽ നിന്ന് വലങ്കയ്യൻ ബാറ്റ്സ്മാനാവാൻ ആവശ്യപ്പെട്ടു. അവന്റെ ബാറ്റിംഗ് കഴിവിൽ സംശയം തോന്നിയത് കൊണ്ടാവാം അന്ന് അദ്ദേഹം അങ്ങനെ അവശ്യപെട്ടത്. അവന്റെ അമ്മ പക്ഷേ അന്ന് ഒരു ഇടങ്കയ്യൻ ബാറ്റിസ്മാനിലേയ്ക്ക് തന്നെ തിരിച്ചു പോവാൻ അവനെ പ്രേരിപ്പിച്ചു. മാത്യു ഹെയ്ഡനും,ആഡം ഗിൽക്രിസ്റ്റും, ഹസ്സിയും അടങ്ങുന്ന ഇടങ്കയ്യൻമാർക്ക് ഒപ്പം പ്രതിഷ്ഠിക്കാൻ കങ്കാരുക്കൾക്ക് മറ്റൊരു ഇതിഹാസത്തെ കൂടി സൃഷ്ടിക്കുകയാണ് അവർ ചെയ്തത് എന്ന് അന്ന് അവർ തിരിച്ചറിഞ്ഞു കാണില്ല. ചോദ്യങ്ങൾക്കും, സംശയങ്ങൾക്കും,വിമർശനങ്ങൾക്കും, ബാറ്റ് കൊണ്ടാണ് മറുപടി കൊടുക്കണ്ടത് എന്ന് ഒരുപക്ഷെ അന്നുമുതലേ അയാൾ മനസ്സിൽ കുറിച്ചിട്ടു കാണും. അതെ പറഞ്ഞു വന്നത് അയാളെ പറ്റിയാണ് സാക്ഷാൽ ഡേവിഡ് ആൻഡ്രൂ വാർണർ!!
2021 അയാൾക്ക് ഒരു മോശം IPL സീസൺ സമ്മാനിച്ച് അവസാനിച്ചപ്പോഴും. ക്യാപ്റ്റൻ സ്ഥാനത്തു നിന്നും പ്ലേയിങ്ങ് ഇലവണിൽ നിന്നുമൊക്കെ ഒഴിവാക്കപ്പെട്ട ആ മുഖം ഇടയ്ക്കിടെ സ്‌ക്രീനിൽ കാണിക്കുമ്പോഴും. കൈ നിറയെ വെള്ളകുപ്പികളുമായി ഗ്രൗണ്ടിൽ അങ്ങിങ്ങ് ഓടുന്ന ആ മനുഷ്യന്റെ ചിത്രങ്ങൾ കണ്ടപ്പോഴും ഉള്ളുകൊണ്ട് സങ്കടം തോന്നാത്ത ഒരു ക്രിക്കറ്റ് ആരാധകനും ലോകത്ത് ഉണ്ടാവില്ല. അങ്ങനെ ഒരു സീസണിലെ പ്രകടനത്തിന്റെ പേരിൽ എഴുതിതള്ളാവുന്ന ഒരു കളിക്കാരനല്ല വാർണർ എന്ന് നമ്മൾക്ക് എല്ലാവർക്കും അറിയാമായിരുന്നു.സൺറൈസേഴ്സ് ഹൈദരാബാദ് മാനേജ്മെന്റ് ഇപ്പോൾ തീർച്ചയായും അത്
തിരിച്ചറിഞ്ഞുകാണും.
ഏഴ് കളികളിൽ നിന്നും 289 റൺസ്. ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം.ടൂർണമെന്റിലെ ഏറ്റവും മികച്ച താരം.ഒരു ട്വന്റി 20 ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഓസ്ട്രേലിയൻ താരം,വെസ്റ്റ് ഇൻഡീസിന് എതിരെ നേടിയ
89 (56) റൺസ്,സെമിയിലെ പാകിസ്ഥാനെതിരെ നേടിയ 49 റൺസ്. ഫൈനലിൽ വിജയത്തിലേയ്ക്ക് നയിച്ച 53 റൺസ് ഓർത്തിരിക്കുവാൻ ഇതിനുമൊക്കെ അപ്പുറം എന്താണ് അയാൾക്ക് വേണ്ടത്.ഇതിനും മുകളിൽ അയാൾ എന്താണ് തെളിയിക്കേണ്ടത്. IPL അരങ്ങേറിയ അതെ തട്ടകത്തിൽ ഇങ്ങനെയൊരു തിരിച്ചുവരവ് നടത്തുക എന്നത് എത്ര കളിക്കാരെകൊണ്ട് സാധിക്കും!!
ടൂർണമെന്റിന് തുടക്കത്തിൽ കണക്കുകൾകൊണ്ട് അയാൾ ഒരുപക്ഷെ എല്ലാവർക്കും പിന്നിലായിരുന്നിരിക്കാം.പക്ഷേ ഇടയിലെപ്പോഴോ ആരോ കമന്ററി പറഞ്ഞത് ഓർക്കുന്നു ഒരേ ഒരു നല്ല ഇന്നിങ്സ് അകലെ മാത്രമാണ് വാർണർ എന്ന ലോകോത്തര ബാറ്റ്‌സ്മാന്റെ തിരിച്ചുവരവ്. അതെ ആ തിരിച്ചുവരവ് സ്വന്തം ടീമിന് കപ്പ് കൂടി നേടികൊടുത്തു കൊണ്ടാവുമ്പോൾ അത് ഇരട്ടി മധുരമാണ്. പ്രിയപ്പെട്ട ഡേവിഡ് വാർണർ നിങ്ങൾ അജയ്യനായ ഒരു പോരാളിയാണ് !!
Shankarkrishnan
Leave a reply