ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ടിം പെയ്ൻ. സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചത് വീണ്ടും വിവാദമായ സാഹചര്യത്തിലാണ് പെയ്ൻ സ്ഥാനമൊഴിഞ്ഞത്. അടുത്ത മാസം ആഷസ് നടക്കാനിരിക്കെയാണ് താരത്തിന്റെ പ്രഖ്യാപനം. ഇതോടെ ആഷസിലെങ്കിലും വൈസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ടീം നായകനായേക്കും. ഓസീസ് ക്രിക്കറ്റിന്റെ 65 വർഷത്തെ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു പേസ് ബൗളർ ടീം ക്യാപ്റ്റനാവുന്നത്.
2017ലാണ് വിവാദ സംഭവം നടന്നത്. ടാസ്മാനിയൻ ടീമിൽ ഉണ്ടായിരുന്ന പെയ്ൻ അന്ന് സഹപ്രവർത്തകയുമായി നടത്തിയ ടെക്സ്റ്റിങ് വിവാദമാവുകയായിരുന്നു. തുടർന്ന് സംഭവത്തിൽ അന്വേഷണം നടക്കുകയും പെയ്ൻ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ടാസ്മാനിയ ക്രിക്കറ്റും അറിയിച്ചു. എന്നാൽ, ഇപ്പോൾ ആ മെസേജ് പരസ്യമായെന്ന് താൻ അറിഞ്ഞു എന്നും അതിനാൽ ക്യാപ്റ്റനായുള്ള തൻ്റെ സ്ഥാനം ഒഴിയുകയാണെന്നും പെയ്ൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പറ്റിയ തെറ്റിൽ പെയ്ൻ ക്ഷമാപണവും നടത്തി. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെങ്കിലും താൻ ടീമിൽ തന്നെ തുടരുമെന്നും താരം പറഞ്ഞു.
✍? എസ്.കെ.
Leave a reply