രാജസ്ഥാൻ റോയൽസുമായി അബുദാബിയിൽ വെച്ച് നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് 33 റൺസിന്റെ ഉജ്വല വിജയം.
ടോസ് നേടിയിട്ടും ഡൽഹിയെ ബൗളിംങ്ങിനയച്ച സഞ്ജുവിന്റെ തീരുമാനത്തെ ശരി വെയ്ക്കുന്ന പ്രകടനമായിരുന്നു രാജസ്ഥാൻ ബൗളർമാർ കാഴ്ചവെച്ചത്. നാലാം ഓവറിന്റെ ആദ്യ പന്തിൽ സ്കോർ 18ൽ നിൽക്കുമ്പോൾ ഓപ്പണർ ശിഖർ ധാവാനെ പുറത്താക്കി കാർത്തിക്ക് ത്യാഗി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. അടുത്ത ഓവറിൽ പ്രിത്വി ഷായും പുറത്തായി. തുടർന്ന് ശ്രേയസ് അയ്യറും ക്യാപ്റ്റൻ പന്തും ചേർന്ന് പതിയെ കളി തിരിച്ചു പിടിക്കുമ്പോൾ മുസ്തഫിസുർ റഹ്മാൻ പന്തിനെ മടക്കി അയച്ചു. നല്ല ഫോമിൽ ആക്രമിച്ചു കളിച്ച ശ്രേയസ് അയ്യർ ടെവാട്ടിയയുടെ പന്തിൽ സഞ്ജുവിന്റെ മിന്നൽ സ്റ്റമ്പിങ്ങിൽ പുറത്തായി. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങിന് ശ്രമിച്ച ഹെറ്റ്മെയ്റിനെയും ഫിസ് പുറത്താക്കി. 6 വിക്കറ്റ് നഷ്ടത്തിൽ 154 റൺസിന് ഡൽഹി ഇന്നിങ്സ് അവസാനിച്ചു.
155 റൺസ് പിന്തുടർന്ന രാജസ്ഥാന്റെ ലിയാം ലിവിങ്സ്റ്റണെ ആദ്യ ഓവറിൽ തന്നെ ആവേഷ് ഖാൻ പവലിയനിലെത്തിച്ചു. രണ്ടാം ഓവറിലെ ആദ്യ പന്തിൽ ജയ്സ്വാളും പുറത്തായി. ക്യാപ്റ്റൻ സഞ്ജു സാംസൺ നിലയുറപ്പിച്ചെങ്കിലും ഒരറ്റത്ത് വിക്കറ്റുകൾ തുരുതുരെ വീണത് രാജസ്ഥാന് തിരിച്ചടിയായി. സഞ്ജു 53 പന്തിൽ 70 റൺസ് നേടി പുറത്താക്കാതെ നിന്നു. 6 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് മാത്രമാണ് രാജസ്ഥാൻ നേടിയത്. ഡൽഹിക്ക് വേണ്ടി ബൗളർമാർ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
ഡൽഹിക്ക് വേണ്ടി 32 പന്തിൽ 43 റൺസ് നേടിയ ശ്രേയസ് അയ്യർ ആണ് മാൻ ഓഫ് ദി മാച്ച്. സഞ്ജു സാംസൺ പുറത്താകാതെ നിൽക്കുന്ന റൺ ചേസിൽ ആദ്യമായാണ് ടീം തോൽക്കുന്നത് എന്ന പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട്.
✍️JIA
Leave a reply