രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ച ഇന്ത്യൻ മുൻ ക്യാപ്റ്റൻ എം.എസ്.ധോണി നിലവില്‍ ഐപിഎല്‍ മാത്രമാണ് കളിക്കുന്നത്. ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണില്‍ ടീം എന്ന നിലയില്‍ മികച്ച പ്രകടനം നടത്തുബോഴും വ്യക്തിഗത പ്രകടനത്തില്‍ ധോണി ആരാധകരെ നിരാശപ്പെടുത്തുകയാണ്. കഴിഞ്ഞ പത്ത് മത്സരങ്ങളില്‍ നിന്നായി ധോണി ആകെ നേടിയിരിക്കുന്നത് 52 റണ്‍സ് മാത്രമാണ്. ബാറ്റിങ് ശരാശരിയാകട്ടെ 12ല്‍ താഴെയെത്തി. വ്യക്തിഗത പ്രകടനത്തില്‍ അങ്ങേയറ്റം നിരാശനായ ധോണി ഐപിഎല്ലില്‍ നിന്നും ഉടന്‍ വിരമിക്കുമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഈ സീസണ്‍ അവസാനിക്കുന്നതോടെ ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് ഓസീസ് മുൻ സ്പിൻ താരമായ ബ്രാഡ് ഹോഗ് പറഞ്ഞിരുന്നു. ഇതിന്റെ ചുടവുപിടിച്ചാണ് ധോണി വിരമിക്കുന്ന വാർത്തകൾ സജീവമായി തുടങ്ങുന്നത്. ബാറ്റിനും പാഡിനുമിടയില്‍ വലിയ വിടവാണ് ധോണി ബാറ്റ് ചെയ്യുമ്പോൾ ഉള്ളതെന്നും ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ റിഫ്‌ളക്‌സ് പൂര്‍ണമായി നഷ്ടപ്പെട്ടു കഴിഞ്ഞെന്നും ഹോഗ് പറഞ്ഞു.
വിക്കറ്റ് കീപ്പർ എന്ന നിലയിൽ മികച്ച പ്രകടനം നടത്തുന്ന ധോണി ടി-ട്വന്റി വേൾഡ് കപ്പിന് വേണ്ടിയുള്ള ഇന്ത്യൻ ടീം ഉപദേശകനായതുപോലെ ചെന്നൈ സൂപ്പർ കിങ്‌സ് മാനേജ്മെന്റിലോ, ഹെഡ് കോച്ച് സ്ഥാനത്തോ എത്തിയേക്കമെന്നും ഹോഗ് തന്റെ യൂട്യൂബ് ചാനലിൽ അഭിപ്രായപ്പെട്ടു. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനും, കൊൽക്കത്തയ്ക്കുംവേണ്ടി കളിച്ചിട്ടുള്ള താരം കൂടെയാണ് ഹോഗ്.
✍? എസ്.കെ.
Leave a reply