ഇന്ത്യയുടെ സമ്മര്‍ദ്ദത്തില്‍ പാകിസ്ഥാന്‍ വീണു? ഏഷ്യാ കപ്പിന് യുഎഇ വേദിയായേക്കും

അടുത്ത ഏഷ്യാകപ്പ് ക്രിക്കറ്റിന് യുഎഇ വേദിയായേക്കും. പാകിസ്ഥാനിലേക്ക് പോകില്ലെന്ന നിലപാട് ഇന്ത്യ തുടരുന്നതോടെയാണ് വേദിമാറ്റുന്നത്. അടുത്തമാസം നടക്കുന്ന എസിസി എക്‌സിക്യൂട്ടീവ് യോഗത്തിലാകും അന്തിമ തീരുമാനം. എക്കാലവും ക്രിക്കറ്റിലെ ആവേശപ്പോരാട്ടം ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുമ്പോഴാണെന്നതില്‍ സംശയമില്ല. നിറഞ്ഞുകവിഞ്ഞ ഗാലറിയില്ലാതെ ഇന്ത്യ- പാക് പോരാട്ടം നടക്കാറില്ല.

 

പാകിസ്ഥാന് ഏഷ്യാകപ്പ് വേദിയനുവദിച്ചതോടെയാണ് ക്രിക്കറ്റില്‍ വീണ്ടും ഇന്ത്യ- പാക് തര്‍ക്കം തുടങ്ങിയത്. പാകിസ്ഥാനിലേക്ക് ഏഷ്യാകപ്പിനായി പോകില്ലെന്നും നിഷ്പക്ഷ വേദി വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. എങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാനും നിലപാടെടുത്തതോടെ അനിശ്ചിതത്വത്തിലായ ചര്‍ച്ചയ്ക്ക് ഫലം വന്നുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ബെഹ്‌റൈനില്‍ ചേര്‍ന്ന യോഗത്തിനിടെ ബിസിസിഐ സെക്രട്ടറി ജയ് ഷാ, പിസിബി ചെയര്‍മാന്‍ നജാം സേതി എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ യുഎഇയിലേക്ക് ടൂര്‍ണമെന്റ് മാറ്റുന്നത് സംബന്ധിച്ച് ഏകദേശ ധാരണയായെന്നാണ് സൂചന.

 

പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധിയും തീരുമാനത്തിന് പിന്നിലുണ്ട്. അടുത്ത മാസം ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ വേദിയും തീയതിയും സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കി. പാകിസ്ഥാനില്‍ അടുത്ത സെപ്റ്റംബറില്‍ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പരമ്പരകള്‍ ഒഴിവാക്കുന്നതിനാല്‍ എസിസി, ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ആരാധകര്‍ക്ക് മത്സരം കാണാന്‍ അവസരമുള്ളത്.

 

വേദി സംബന്ധിച്ച് ആശയക്കുഴപ്പം തുടരുമ്പോഴും ഏഷ്യാ കപ്പ് 2023 ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടമുണ്ട്. ഇരു ടീമുകളും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതോടെയാണിത്. മൂന്ന് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് ടൂര്‍ണമെന്റിലുണ്ടാവുക. ഇന്ത്യക്കും പാകിസ്ഥാനും പുറമെ ശ്രീലങ്കയും ഒന്നാം ഗ്രൂപ്പിലാണ്. രണ്ടാം ഗ്രൂപ്പില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കൊപ്പം പ്രീമിയര്‍ കപ്പ് വിജയിക്കുന്ന ടീം കൂടി ഇടംപിടിക്കും. ഏകദിന ലോകകപ്പിന് മുന്നോടിയായി 50 ഓവര്‍ ഫോര്‍മാറ്റില്‍ നടക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബറിലാണ് അരങ്ങേറുക.

What’s your Reaction?
+1
0
+1
1
+1
0
+1
1
+1
0
+1
2
+1
2

Leave a reply