ഇന്ത്യൻ ബോളർമാരുടെ മികവിന് മുൻപിൽ അടിപതറി ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർ. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന്റ തന്ത്രങ്ങൾ പാളിയോ എന്നത് വരും ദിവസങ്ങളിൽ വ്യക്തമാവും.
ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന്റെ തീരുമാനം തെറ്റായിരുന്നു എന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു മത്സരത്തിന്റെ തുടക്കം. സ്കോർബോർഡിൽ റൺസ് കുറിക്കുന്നതിനു മുൻപേ തന്നെ ടീമിന് ആദ്യ വിക്കറ്റ് നഷ്ടമായി. ജസ്പ്രിത് ബുംറയാണ് ഇന്ത്യക്കായി ആദ്യ വിക്കറ്റ് നേടിയത്. തുടർന്ന് വന്ന ക്രൗലിയുമായി ചേർന്ന് സിബ്ലി റൺസ് കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ ബോളർമാരുടെ കൃത്യതയാർന്ന പന്തുകൾക്ക് മുൻപിൽ അടിപതറുകയായിരുന്നു. ഇംഗ്ലണ്ട് നിരയിൽ നാല് ബാറ്റ്സ്മാന്മാർ പൂജ്യത്തിനു പുറത്തായി. മുഴുവൻ വിക്കറ്റുകളും നഷ്ടപെട്ട ഇംഗ്ലണ്ടിന് 183 റൺസ് മാത്രമാണ് നേടാനായത്. അർധശതകം നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന്റെ ചെറുത്തുനില്പാണ് ഇംഗ്ലണ്ടിനെ 183 എന്ന സ്കോറിൽ എത്തിച്ചത്. ഇന്ത്യക്കായി ജസ്പ്രിത് ബുംറ 46 റൺസ് വഴങ്ങി 4 വിക്കറ്റും, മുഹമ്മദ് ഷമി 28 റൺസ് വഴങ്ങി 3 വിക്കറ്റുകളും നേടി. ശർദുൽ താക്കൂർ 2 വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി ആദ്യ ഇന്നിംഗ്‌സിലെ ഇംഗ്ലണ്ടിന്റെ പതനം പൂർത്തിയായി.
തുടർന്ന് ആദ്യ ഇന്നിങ്സിനായി കളത്തിലിറങ്ങിയ ഇന്ത്യ, ഒന്നാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസ് എന്ന നിലയിലാണ്. 9 റൺസുമായി രോഹിത് ശർമയും കെ. എൽ രാഹുലുമാണ് ക്രീസിൽ.
- @bhi
Leave a reply