സ്‌പോർട്‌സ് വസ്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും പ്രമുഖ ബ്രാൻഡായ അഡിഡാസ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി നിർമ്മിക്കാനുള്ള അവകാശം സ്വന്തമാക്കുമെന്ന റിപോർട്ടുകൾ സജീവം. കില്ലർ ജീൻസ് കമ്പനിയുടെ മാതൃ ബ്രാൻഡായ കേവൽ കിരൺ ക്ലോത്തിംഗ് ലിമിറ്റഡിനായിരുന്നു നിലവിൽ ഇതിനുള്ള അവകാശങ്ങൾ. അഡിഡാസ് കരാർ ഈ വർഷം ജൂൺ മുതൽ ആരംഭിക്കുമെന്നും 2028 മാർച്ച് വരെ നീണ്ടുനിൽക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
മുൻ സ്പോൺസറായ മൊബൈൽ പ്രീമിയർ ലീഗ് (എംപിഎൽ) കരാറിൽ നിന്ന് നേരത്തെ പിന്മാറിയപ്പോൾ ബദലായി എത്തിയതായിരുന്നു കില്ലർ ജീൻസ്. എന്നാൽ എംപിഎൽ വരുന്നതിന് മുമ്പ്, നൈക്കിക്ക് ബിസിസിഐയുമായി അഞ്ച് വർഷത്തെ കരാർ ഉണ്ടായിരുന്നു, ഈ സമയത്ത് അവർ 2016 മുതൽ 2020വരെ 370 കോടി രൂപയാണ് ബിസിസിഐക്ക് ജേഴ്സി നിർമ്മാണ അവകാശത്തിനായി നൽകിയത്.
ലോകകത്തിലെ പല പ്രമുഖ ഫുട്ബോൾ ടീമുകളുടെയും ജേഴ്‌സി നിർമ്മിക്കുന്ന ബ്രാൻഡായ അഡിഡാസ് എത്തുന്നതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ക്രിക്കറ്റ് സജീവമല്ലാത്ത രാജ്യങ്ങളിലും ശ്രദ്ധ ആകർഷിക്കാനാവുമെന്ന നേട്ടവും പുതിയ നീക്കത്തിന് പിന്നിലുണ്ട്.
Leave a reply