“അപ്പോള്‍ സഞ്ജുവിന്റെ കാര്യമോ ?” സഞ്ജുവിന് വേണ്ടി വീണ്ടും രംഗത്തെത്തി ശശി തരൂർ.

ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ വിജയങ്ങൾ തുടരുമ്പോഴും ഫോം കണ്ടെത്താനാവാതെ നിരന്തരം പരാജയപ്പെടുന്ന കെഎല്‍ രാഹുലിന് ടീമിൽ വീണ്ടും അവസരങ്ങൾ ലഭിക്കുന്നത് കഴിഞ്ഞ ദിവങ്ങളിൽ ഏറെ ചർച്ചയായിരുന്നു.

താരത്തിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ വെങ്കടേഷ് പ്രസാദ് അടക്കമുളള താരങ്ങള്‍ കെ എല്‍ രാഹുലിന് വീണ്ടും അവസരം നല്‍കുന്നതിനെതിരെ രംഗത്തെത്തി. എന്നാൽ ഇപ്പോൾ കെഎല്‍ രാഹുലിന്റെ സ്ഥാനത്തെ ചോദ്യം ചെയ്തുകൊണ്ട് മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്ത പങ്കുവെച്ച ട്വീറ്റിന് മറുപടിയായാണ് മലയാളിയും, പാർലിമെന്റ് അംഗവുമായ ശശി തരൂര്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്. പക്ഷപാതമില്ലാതെ തീരുമാനങ്ങള്‍ എടുക്കാന്‍ തുടങ്ങിയതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന്റെ നെറുകയില്‍ എത്തിയതെന്നും 49 ഇന്നിങ്സില്‍ 25 ല്‍ താഴെ മാത്രം ശരാശരിയുള്ള കെ എല്‍ രാഹുല്‍ ടീമില്‍ തുടര്‍ന്നാല്‍ അതിന് മാറ്റം വന്നതായി കരുതണമെന്നുമാണ് ശേഖര്‍ ഗുപ്ത കുറിച്ചത്.

 ഇതിനു മറുപടിയായി ശശി തരൂര്‍ ട്വിറ്ററിൽ എത്തി. “അപ്പോള്‍ സഞ്ജുവിന്റെ കാര്യമോ ? ഏകദിനത്തില്‍ 76 ശരാശരിയുള്ള അവനെ ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമില്‍ നിന്നും ഒഴിവാക്കി. മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാത്തവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നൽകുന്നത് നല്ലത് തന്നെ, പക്ഷേ അത് കഴിവുള്ളവും, മികച്ച പ്രകടനം നടത്തുന്നവരെയും ഇല്ലാതാക്കികൊണ്ടാകരുത്.”- തരൂർ കുറിച്ചു.

What’s your Reaction?
+1
2
+1
5
+1
4
+1
10
+1
0
+1
1
+1
1

Leave a reply