ദൈവം ചരിത്രം രചിക്കുന്നു!!!

2010 ഫെബ്രുവരി 24. ഗ്വാളിയോർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പതിനായിരകണക്കിന് ഇന്ത്യൻ ആരാധകർ തിങ്ങി നിറഞ്ഞു ഇരിക്കുന്നു. ഇന്ത്യ അവിടെ ദക്ഷിണാഫ്രിക്കയെ നേരിടുകയാണ്. പരമ്പരയിലെ രണ്ടാം ഏകദിനം. ഹാഷിം അംല, ഹേർഷൽ ഗിബ്ബ്സ്, ജാക്സ് കാല്ലിസ്, ഡി വില്ലിയേഴ്സ്, ജെ പി ഡുമിനി, മാർക് ബൗചർ തുടങ്ങിയവർ അടങ്ങിയ ശക്തമായ ബാറ്റിംഗ് നിരയും ഡൈൽ സ്റ്റെയ്ൻ, വെയ്ൻ പാർണൽ നയിക്കുന്ന ബൗളിംഗ് നിരയും കൂടി ചേർന്ന് അതി ശക്തമായ നിരയും ആയി ആണ് ദക്ഷിണാഫ്രിക്കയുടെ വരവ്. ഇന്ത്യൻ നിരയിലും താര സമ്പന്നത പ്രകടമായിരുന്നു. സച്ചിൻ, വീരു, ദിനേശ് കാർത്തിക്, യുസഫ് പത്താൻ, ധോണി, റെയ്ന, അന്നത്തെ പുത്തൻ താരോദയം ആയ വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ തുടങ്ങിയവർ ബാറ്റിംഗ് നയിക്കുമ്പോൾ അശിഷ് നെഹ്റ, ശ്രീശാന്ത്, പ്രവീൺ കുമാർ എന്നിവർ ബൗളിംഗ് ആക്രമണം നിയന്ത്രിക്കുന്നു. ടോസ്സ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. അമ്പയർമാരായ ഇയാൻ ഗോൾഡ്, ഷവിർ ടാരപോർ എന്നിവർ ഗ്രൗണ്ടിൽ കളി നിയന്ത്രിക്കുവാൻ ഇറങ്ങി. ആദ്യ പന്ത് എറിയുവാൻ വേണ്ടി അന്നത്തെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന സ്‌റ്റെയ്ൻ തയ്യാറെടുത്തു. പക്ഷേ ആ നിമിഷം പോലും അവിടെ കൂടിയിരുന്ന കാണികളോ താരങ്ങളോ അറിഞ്ഞിരുന്നില്ല, തങ്ങൾ ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുവാൻ പോകുകയാണ് എന്ന്. അന്ന് ചരിത്രത്തിലെ പല റെക്കോർഡുകളും ഭേദിക്കാൻ വേണ്ടി പിറവി കൊണ്ട ക്രിക്കറ്റിലെ ദൈവം തൻ്റെ വിശ്വരൂപം ഒന്നു കൂടി ലോകത്തിന് മുൻപിൽ കാണിക്കുവാൻ തീരുമാനിച്ച ദിവസം ആയിരുന്നു. ഒരു പക്ഷെ പിന്നാലെ വരുന്നവർക്കായി ഒരു പാത വെട്ടി തുറന്ന ദിനം.
പതിഞ്ഞ താളത്തിൽ തുടങ്ങിയ പതിവ് ശൈലിയിൽ ഉള്ള ഇന്നിംഗ്സ്. ഓപ്പണിംഗ് പങ്കാളി ആയ വിരേന്ദർ സെവാഗ് മൂന്നാം ഓവറിൽ പുറത്തായി. പക്ഷേ വൺ ഡൗൺ ആയി വന്ന ദിനേശ് കാർത്തിക്കിനെ കൂട്ട് പിടിച്ചു സച്ചിൻ പതിയെ കളി വരുതിയിൽ ആക്കി. കാർത്തിക്കിന് ഒപ്പം 194 റൺസിൻ്റെ കൂട്ടുകെട്ട് ഉണ്ടാക്കി സച്ചിൻ ടീമിൻ്റെ സ്കോറിന് ഒപ്പം തൻ്റെ വ്യക്തിഗത സ്കോർ കൂടി ഉയർത്തി. ആ കൂട്ടുകെട്ട് മുന്നേറിയപ്പോൾ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ മുഖഭാവത്തിൽ വന്ന മാറ്റത്തിൽ നിന്നും തിരിച്ചറിയാം സച്ചിൻ തൻ്റെ അപകടകാരി ആയ റോളിലേക്ക് മാറി എന്നു. തൊണ്ണൂറു പന്തിൽ ശതകം തികച്ച സച്ചിൻ മിന്നുന്ന ഫോമിൽ നിന്ന് കൊണ്ട് ഓരോ പന്തിന് പുറകെ മറ്റൊന്ന് എന്ന കണക്കിൽ ബൗണ്ടറികൾ വന്നുകൊണ്ട് ഇരുന്നു. കാർത്തിക്കിനെ മുപ്പത്തിനാലാം ഓവറിൽ പാർണൽ മടക്കിയപ്പോഴേക്കും ഇന്ത്യൻ സ്കോർ 219 ന് രണ്ട് വിക്കറ്റ് എന്ന നിലയിൽ എത്തിയിരുന്നു. പിന്നീട് ബൗളർമാർ മറക്കുവാൻ ആഗ്രഹിക്കുന്ന നിമിഷങ്ങൾ ആയിരുന്നു അവിടെ അരങ്ങേറിയത്. കാർത്തിക്കിനു ശേഷം വന്ന യുസഫ് പത്താൻ തൻ്റെ സ്വതസിദ്ധമായ ആക്രമണ ശൈലി പൂർണ്ണ പ്രഹര ശേഷിയിൽ കാഴ്ച വെച്ചപ്പോൾ നാലു ബൗണ്ടറിയും രണ്ടു സിക്സറുകളും അടക്കം ഇരുപത്തിമൂന്ന് പന്തിൽ മുപ്പത്തിയാറ് റൺസ് എടുത്തു. മൂന്നൂറു റൺസ് പിന്നിട്ടപ്പോൾ പത്താൻ വീണു. ആ സമയം സ്കോർ ബോർഡിൽ സച്ചിൻ ടെണ്ടുൽക്കർ എന്ന പേരിന് നേരെ 168 (128) എന്നായിരുന്നു എഴുതി കാണിച്ചിരുന്നത്.
സച്ചിനു കൂട്ടായി നീലപ്പടയുടെ നായകൻ കൂടി ക്രീസിൽ എത്തിയപ്പോൾ ഗ്യാലറിയിൽ ആരവങ്ങൾ മുഴങ്ങി. പക്ഷേ അപ്പോഴും അവർക്ക് അറിയില്ലായിരുന്നു സംഭവിക്കുവാൻ പോകുന്ന അതുല്യ നിമിഷത്തെ പറ്റി. ധോണി ക്രീസിൽ വന്ന ആ ഓവറിൽ തന്നെ സച്ചിൻ തൻ്റെ ഉദ്ദേശം വ്യക്തമാക്കി. അവസാന രണ്ടു പന്തുകളിൽ ഒരെണ്ണം ബൗളെറുടെ തലക്ക് മുകളിൽ കൂടി പാഞ്ഞു. ബൗണ്ടറി ലൈനിന് അകത്തു ഒരു വട്ടം കുത്തി പന്ത് ഫോർ ആയി. അടുത്ത പന്ത് ലോങ്ങ് ഓണിന് മുകളിൽ കൂടി ഒരു സിക്‌സർ. കപിൽ ദേവിൻ്റെ 175 റൺസ് മറികടന്ന സച്ചിൻ എന്തിലേക്ക് ആണ് നോട്ടം ഇട്ടിരിക്കുന്നത് എന്നതിൻ്റെ സൂചന അവിടെ പ്രകടമായിരുന്നു. വെയിൻ പാർണൽ എറിഞ്ഞ നാല്പത്തിയാറാം ഓവറിലെ മൂന്നാം പന്തിൽ രണ്ടു റൺസ് കൂടി നേടിയതോടെ സയ്യീദ് അൻവർ, ചാൾസ് കോവൻ്റ്റി എന്നിവർ നേടിയ 194 എന്ന ഏകദിനത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ഇന്ത്യയുടെ അഭിമാനം ആയ സച്ചിൻ രമേശ് ടെണ്ടുൽക്കർ മറികടന്നു. ഉടൻ തന്നെ ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി എന്ന നേട്ടം സച്ചിൻ കീഴടക്കും എന്നു ഗ്യാലറിയിൽ ഉയർന്ന ആർപ്പുവിളികളാൽ കാണികൾ പറഞ്ഞു. പക്ഷേ അവിടെ ആ അസുലഭ നിമിഷത്തിനായി കാത്തിരുന്നവരുടെ മുൻപിൽ മറ്റൊരു വിരുന്നാണ് ക്രീസിൽ നടന്നത്.
നാല്പത്തിയാറു ഓവർ പിന്നിട്ടപ്പോൾ ഇന്ത്യൻ സ്കോർ കാർഡ് ഇങ്ങനെ ആയിരുന്നു. ഇന്ത്യ :- 356/3 ; ടെണ്ടുൽക്കർ 196(141), ധോണി 28 (16). പിന്നീട് ധോണി നടത്തിയ കടന്നാക്രമണം സച്ചിൻ്റെ ഇന്നിംഗ്സിൽ തന്നെ തകർന്നിരുന്നു ദക്ഷിണാഫ്രിക്കൻ ബൗളിംഗ് നിറയെ ഇല്ലാതെ ആക്കുന്നത് ആയിരുന്നു. നാല്പത്തി ഒൻപതാം ഓവർ ആയപ്പോൾ സ്കോർ കാർഡിൽ ഇന്ത്യ 385/3 ; ടെണ്ടുൽക്കർ 199(146), ധോണി 53(30). അവസാന ഓവർ എറിയുവാൻ ഉള്ള നിയോഗം ലെൺഗ്വേൾഡ്‌റ്റിന് ആയിരുന്നു. സ്ട്രൈക്കർ എൻഡിൽ ധോണി. അന്ന് ആദ്യമായി ഇന്ത്യൻ ആരാധകരും ലോകമെമ്പാടും ഉള്ള ക്രിക്കറ്റ് പ്രേമികളും ധോണിയോട് ആവശ്യപ്പെട്ടത് ഒന്നു മാത്രം ആണ്. സ്ട്രൈക്ക് സച്ചിന് കൈമാറുക. പക്ഷേ ആദ്യ ബോൾ തന്നെ സിക്സർ പായിച്ച് കൊണ്ടാണ് ധോണി തുടങ്ങിയത്. കളി കണ്ടു കൊണ്ടിരുന്നവർ മുറുമുറുകുവാൻ തുടങ്ങി. കാരണം ഏവരും ആകാംഷയോടെ കാത്തിരിക്കുന്നത് സച്ചിൻ്റെ ഇരട്ട സെഞ്ച്വറി കാണുവാൻ ആണ്. പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ച്വറി കാണുവാൻ. രണ്ടാം പന്ത് സിംഗിൾ ഇട്ടു കൊണ്ട് സ്ട്രൈക്ക് ധോണി സച്ചിന് കൈമാറി. കളി കണ്ടുകൊണ്ടിരുന്നവർ എല്ലാവരും തങ്ങളുടെ കാൽവിരലുകൾ ആയി നിൽപ്പ്. ബൗളർ പന്തുമായി അടുക്കുമ്പോൾ, ഓരോ ചുവടും വെക്കുമ്പോൾ തങ്ങളുടെ ഹൃദയമിടിപ്പ് വർധിക്കുന്നതായി ഓരോ ക്രിക്കറ്റ് പ്രേമിയും തിരിച്ചറിഞ്ഞു. ബൗളറുടെ വലം കയ്യിൽ നിന്നും ആ വെള്ള പന്ത് പാഞ്ഞപ്പോൾ ക്രിക്കറ്റ് ലോകത്തിൻ്റെ മുഴുവൻ ശ്വാസം ഒരു നിമിഷം നിലച്ചു. പക്ഷേ ആ പന്ത് പോയിൻ്റിനു പിറകിലേക്ക് തിരിച്ചു വിട്ടു സച്ചിൻ ടെണ്ടുൽക്കർ ഒരു സിംഗിൾ എടുത്തു ക്രിക്കറ്റിലെ റെക്കോർഡ് പുസ്തകത്തിൻ്റെ താളിൽ തൻ്റെ പേര് സുവർണ്ണ ലിപികളിൽ എഴുതി ചേർത്തുകൊണ്ട് ഹെൽമെറ്റ് ഊരി കാണികളെ അഭിവാദ്യം ചെയ്തപ്പോൾ ലോകം ഒന്നാകെ ആർത്തലച്ചു. ഇതാ ദൈവം ഒരു ബാലികേറാ മലയിലേക്ക് ഉള്ള പാത വെട്ടി തുറന്നിരിക്കുന്നു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരാളിതാ ഇരട്ട സെഞ്ച്വറി തികച്ചിരിക്കുന്നു. മാസ്റ്റർ ബ്ലാസ്റ്റർ ഒരു ഒറ്റ ഇന്നിംഗ്സിൽ ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി, ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്നീ നേട്ടങ്ങൾ സ്വന്തം പേരിൽ കുറിച്ചു.
ഗാലറിയിൽ ആരവം അടങ്ങുന്നതിന് മുൻപ് അവസാന മൂന്ന് ബോളിൽ രണ്ടെണ്ണം ബൗണ്ടറി പായിച്ച് കൊണ്ട് ധോണി എന്ന ഫിനിഷർ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിപ്പിച്ചു. സ്കോർ ഇന്ത്യ :- 401/3 ; ടെണ്ടുൽക്കർ 200*(147), ധോണി 68*(35). മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഡി വില്ലിയേഴ്‌സ് സെഞ്ച്വറിയുമായി പൊരുതി നോക്കി എങ്കിലും കൂടെ നിൽക്കുവാൻ ഒരാളെ കണ്ടത്തൊൻ കഴിഞ്ഞില്ല. 42.5 ഓവറിൽ ഇന്ത്യൻ ബൗളർമാർക്ക് മുൻപിൽ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർ അടിയറവ് പറഞ്ഞു. ഇന്ത്യക്ക് 153 റൺസ് വിജയം.
ഇവിടെ പക്ഷേ ആ വിജയത്തിന് ആയിരുന്നില്ല പ്രസക്തി. ഒരു കുറിയ മനുഷ്യൻ തൻ്റെ കൈകളിൽ പിടിച്ച ആ തടികഷ്ണത്താൽ, പലരും ശ്രമിച്ചിട്ടും കീഴടക്കാൻ കഴിയാഞ്ഞ ഏകദിനത്തിലെ ഇരട്ട ശതകം എന്ന പർവതം ആദ്യമായി കീഴടക്കിയ നിമിഷത്തിനു ആണ് പ്രാധാന്യം ഏറിയത്. തോൽവിയുടെ നിരാശയിലും അത്ഭുതം കൂറി നിന്ന ദക്ഷിണാഫ്രിക്കൻ താരങ്ങൾ, വിജയം കാണുവാൻ വന്നപ്പോൾ അതിനൊപ്പം ഇരട്ടി മധുരം ലഭിച്ച കാണികൾ, തൊട്ടു മുൻപിൽ നടന്ന കാഴ്ച കണ്ടു വർണ്ണിക്കാൻ വാക്കുകൾ ലഭിക്കാതെ പോയ കളിപറച്ചിലുകാർ, ടിവിയിലൂടെ കളി കണ്ടു അമ്പരന്നു പോയ ആരാധകർ, അടുത്ത ദിവസത്തെ പത്രത്തിന് അച്ചടിക്കാൻ വേണ്ടി മികച്ച തലകെട്ടു ആലോചിച്ചു തല പുകച്ച മാധ്യമ പ്രവർത്തകർ, ഇവരുടെ എല്ലാം മാനസിക അവസ്ഥ പറയും ആ മുഹൂർത്തത്തിന് എത്ര മാത്രം മൂല്യം ഉണ്ടായിരുന്നു എന്ന്.
പിന്നീട് വിരേന്ദർ സെവാഗ് രണ്ടും, 264 എന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ തൻ്റെ പേരിൽ ആക്കിയ വൻ സ്കോറുകളുടെ തോഴൻ ആയി രോഹിത് ശർമ മൂന്നും, യൂണിവേഴ്സൽ ബോസ്സ് ക്രിസ് ഗെയ്ൽ, ന്യൂസിലണ്ട് ഓപ്പണർ മാർട്ടിൻ ഗുപ്ടിൽ, പാകിസ്താൻ ബാറ്റ്സ്മാൻ ഫഖർ സമാൻ എന്നിവർ ഒരു പ്രാവശ്യവും ഏകദിനത്തിൽ ഇരുന്നൂറ് എന്ന മാന്ത്രിക സംഖ്യ മറികടന്നു. പക്ഷേ സച്ചിൻ ഈ സംഖ്യ മറികടക്കുന്നതിന് മുൻപ് തന്നെ ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടിയ താരം ആണ് ബലിൻഡ ക്ലാർക്ക്. വനിത ക്രിക്കറ്റിൽ ഡെൻമാർക്കിനു എതിരെ ആയിരുന്നു നേട്ടം. പക്ഷേ അല്പം കാഠിന്യം ഏറിയ പുരുഷ ക്രിക്കറ്റിൽ ഈ നേട്ടം ഒരു കാലത്ത് ആരും സ്വപ്നം പോലും കണ്ടിട്ടില്ലായിരുന്നു. സയ്യദ് അൻവർ 194 നേടിയ സമയം ആണ് അത് നേടാൻ കഴിയും എന്ന തോന്നൽ പോലും പലർക്കും ഉണ്ടായത്. എന്നിരുന്നാലും അത് ആദ്യം നേടി ഒരു മനുഷ്യന് ചെയ്യാൻ കഴിയും എന്ന് തെളിയിക്കുവാൻ ഏറ്റവും യോഗ്യൻ ആയ ആളെ തന്നെ കാലം നിയോഗിച്ചു. ആദ്യ ഔദ്യോഗിക ഏകദിന മത്സരം ആരഭിച്ചതിന് ശേഷം 2962 മത്സരങ്ങൾ കഴിഞ്ഞു ക്രിക്കറ്റ് ദൈവം എന്നു ഇതിഹാസങ്ങൾ വാഴ്ത്തിപാടിയ സച്ചിൻ രമേഷ് ടെൻഡുൽക്കർ എന്ന ഇന്ത്യൻ മാണിക്യം തന്നെ അതിനു അർഹനായി.
സച്ചിൻ്റെ പല ഇന്നിങ്സുകളിലും വെച്ചു ഏറ്റവും കൂടുതൽ കാലം ലോകം മറക്കാതെ ഓർത്തു വെക്കുന്ന ആ ഇന്നിംഗ്സ് ഇന്ന് പലർക്കും ഒരു വഴി കാട്ടി ആണ്. എവറസ്റ്റ് ആദ്യമായി കീഴടക്കിയ എഡ്മണ്ട് ഹിലാരി, ടെൻസിങ് എന്നിവരെ നാം ഓർക്കും. അവർക്ക് ശേഷം കീഴടക്കിയത് ആരോക്കെ എന്ന് അധികം ആരും ഓർക്കാറില്ല. അതുപോലെ തന്നെ ചന്ദ്രനിൽ ആദ്യം കാൽ കുത്തിയ നീൽ അംസ്സ്ട്രോങ്ങ് എന്ന പേര് ഏവരും ഓർക്കും. എന്നാൽ പിന്നീട് ആരൊക്കെ എന്നു ചോദിച്ചാൽ അറിയില്ല എന്നാലും ഭൂരിഭാഗം പേരുടെയും മറുപടി. അതുപോലെ തന്നെ ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ ബാറ്റ്സ്മാൻഎന്ന ചോദ്യം എപ്പോൾ കേട്ടാലും പറയുന്ന പേര് ഒന്നേ ഒള്ളു, സച്ചിൻ ടെണ്ടുൽക്കർ. ആ ലക്ഷ്യം മനുഷ്യ സാധ്യം എന്നു കാണിച്ചു തരുവാൻ ദൈവത്തെക്കാൾ അർഹത മറ്റാർക്കാണ് ഉണ്ടാകുക?

© Gourinath S

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply