2007 ടി-ട്വന്റി ലോകകപ്പിലെ ഇന്ത്യൻ വിജയം സിനിമയാവുന്നു. ‘ഹഖ് സേ ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന മലയാളി താരം ശ്രീശാന്ത് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പോസ്റ്റർ പങ്കുവച്ചു.
ലണ്ടൻ ആസ്ഥാനമായ വൺ വൺ സിക്സ് നെറ്റ്‌വർക്ക് ലിമിറ്റഡാണ് ചിത്രം നിർമ്മിക്കുക. കബൂൽ ഹേ എന്ന ചിത്രം ഒരുക്കിയ സൗഗത് ഭട്ടാചാര്യ സിനിമ സംവിധാനം ചെയ്യും. ഒടിടിയിലാവും ചിത്രം റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ട്. സലിം-സുലൈമാൻ സഖ്യം ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്.
2007 ഏകദിന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതോടെ യുവതാരങ്ങളെയാണ് ബിസിസിഐ പ്രഥമ ടി-ട്വന്റി ലോകകപ്പിനായി ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചത്. എംഎസ് ധോണി നയിച്ച അന്നത്തെ യുവ നിരയിൽ നിന്നും അട്ടിമറികളൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ പാകിസ്താനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ നാടകീയമായി ബോളൗട്ടിൽ ജയിച്ച് സൂപ്പർ എട്ടിലെത്തിയ ഇന്ത്യ ന്യൂസീലൻഡിനെതിരെ തോറ്റുതുടങ്ങി. പിന്നീട് ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയെയും തോല്പിച്ച ഇന്ത്യ സെമിയിലേക്ക് മുന്നേറി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് യുവരാജ് സിംഗിന്റെ ഒരു ഓവറിൽ 6 സിക്സും 12 പന്തിൽ ഫിഫ്റ്റിയും പിറന്നത്. സെമിയിൽ കരുത്തരായ ഓസ്ട്രേലിയയെ 15 റൺസിനു കീഴടക്കാനും യുവരാജിന്റെ മിന്നും പ്രകടനം ഇന്ത്യക്ക് തുണയായി. ഇതോടെ ഇന്ത്യ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തു. ഫൈനലിൽ എതിരാളികളായി വീണ്ടും പാകിസ്താൻ. ഏറെ നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ 5 റൺസിന് പാകിസ്താനെ കീഴടക്കിയാണ് ഇന്ത്യ വിജയ കിരീടം ചൂടിയത്. അവസാന വിക്കറ്റായ മിസ്ബാഹുൽ ഹഖിനെ പുറത്താക്കിയത് ശ്രീശാന്തിന്റെ ക്യാച്ച് ആയിരുന്നു.
ലോകക്രിക്കറ്റിലെ കരുതന്മാരെയെല്ലാം കാഴ്ചക്കാരാക്കി ഇന്ത്യൻ യുവ നിരയുടെ ഈ ഐതിഹാസിക വിജയമാണ് ഇപ്പോൾ സിനിമയായി എത്തുന്നത്. 2007ൽ പ്രഥമ ടി-ട്വന്റി ലോകകപ്പ് നേടിയെങ്കിലും പിന്നീട് ഇതുവരെ ഇന്ത്യക്ക് ടി-ട്വന്റി ലോകകപ്പ് സ്വന്തമാക്കാനായിട്ടില്ല.
✍? എസ്.കെ.
Leave a reply