ടി-ട്വന്റി ലോകകപ്പിൽ സ്കോട്ലാൻഡ് ഉയർത്തിയ 86 റൺസ് വിജയ ലക്ഷ്യം അനായാസം മറികടന്ന ടീം ഇന്ത്യ വിജയം സ്വന്തമാക്കി. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 81 പന്തുകൾ ബാക്കി നിർത്തി 8 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യക്കായി രോഹിത് ശർമ്മ 16 പന്തിൽ 30 റൺസും, കെ.എൽ.രാഹുൽ 19 പന്തിൽ 50 റൺസും നേടി.
നേരത്തെ ടോസ്സ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്കോട്ലാൻഡിനെ ഇന്ത്യൻ ബൗളർമാർ 85 റൺസിന് എറിഞ്ഞൊതുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റുകൾ നേടിയതോടെ സ്കോട്ലാൻഡ് ബാറ്റിംഗ് തകർച്ച നേരിട്ടു. സ്കോട്ലാൻഡ് ബാറ്റർമാർ ആർക്കും ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ ബേധപെട്ട പ്രകടനം പുറത്തെടുക്കാനായില്ല. 17.4 ഓവറിൽ പത്തുപേരെയും ഇന്ത്യൻ ബൗളർമാർ പുറത്താക്കി. ഇന്ത്യക്കായി ജഡേജയും, ഷമിയും 3 വിക്കറ്റും, ബുംറ രണ്ടും, അശ്വിൻ ഒരു വിക്കറ്റും വീഴ്ത്തി. സ്കോട്ലാൻഡിന്റെ എട്ടാം വിക്കറ്റ് റൺ ഔട്ടായിരുന്നു.
തിങ്കളാഴ്ച്ച നമീബിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്നത്തെ മത്സരത്തിൽ നേടിയ വലിയ മാർജിനുള്ള വിജയം പോയിന്റ് പട്ടികയിൽ റൺ റേറ്റ് വർധിപ്പിക്കാൻ ഇന്ത്യയെ സഹായിക്കും. പക്ഷെ ഞായറാഴ്ച്ച നടക്കുന്ന മത്സരത്തിൽ അഫ്ഘാനിസ്ഥാൻ ന്യൂസിലാന്റിനെ പരാജയപ്പെടുത്തിയില്ലെങ്കിൽ ഇന്ത്യ ലോകകപ്പിൽ നിന്നും സെമി കാണാതെ പുറത്താകും. അഫ്ഘാൻ വിജയിക്കുകയാണെങ്കിൽ തിങ്കളാഴ്ച്ച നമീബിയക്കെതിരെയും മികച്ച വിജയം നേടിയാൽ ഇന്ത്യക്ക് സെമി ഫൈനലിന് യോഗ്യത നേടാം.
✍? എസ്.കെ.
Leave a reply