ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ലോകകപ്പിൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാനു വിജയം. ടി-ട്വന്റി ലോകകപ്പിൽ ഇന്നു നടന്ന മത്സരത്തിൽ പത്ത് വിക്കറ്റിന്റെ ആധികാരിക ജയമാണ് പാക്കിസ്ഥാൻ ഇന്ത്യക്കുമേൽ നേടിയത്.
ടോസ് കിട്ടി ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനച്ച പാക്കിസ്ഥാൻ ആദ്യ ഓവറിൽ തന്നെ രോഹിത് ശർമ്മയെ പൂജ്യത്തിന് മടക്കി. പിന്നീട് കൃത്യമായ ഇടവേളകളിൽ പാക്കിസ്ഥാൻ വിക്കറ്റുകൾ നേടിയതോടെ ഇന്ത്യൻ ഇന്നിങ്സിന്റെ വേഗത കുറഞ്ഞു. ഇന്ത്യൻ നിരയിൽ അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും, 39 റൺസ് നേടിയ റിഷബ് പന്തും മാത്രമാണ് ബേധപെട്ട പ്രകടനം പുറത്തെടുത്തത്.
ഇരുപത് ഓവർ അവസാനിച്ചപ്പോൾ 152 റൺസിന്റെ വിജയ ലക്ഷ്യം പാക്കിസ്ഥാനു മുന്നിൽ ഇന്ത്യ ഉയർത്തിയെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ ഒരു വിക്കറ്റ് പോലും നഷ്ടമാവാതെയാണ് വിജയം കൈപ്പിടിയിൽ ഒതുക്കിയത്. 13 പന്ത് ബാക്കിയാക്കി ആധികാരിക വിജയമാണ് പാക്കിസ്ഥാൻ ഇന്ത്യൻ ടീമിനുമേൽ നേടിയത്.
പാകിസ്താനു വേണ്ടി ബാബർ അസം 68 റൺസും, മുഹമ്മദ് റിസ്‌വാൻ 79 റൺസും നേടി. ഷഹീൻ അഫ്രിദി 3 വിക്കറ്റും, ഹസ്സൻ അലി രണ്ടും, റൗഫ്, ശദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തിയപ്പോൾ ഒരു വിക്കറ്റ് പോലും നേടാനാവാതെ ഇന്ത്യൻ ബൗളർമാർ നിരാശപ്പെടുത്തി.
✍? എസ്.കെ.
Leave a reply