ടി-ട്വന്റി ലോകകപ്പിൽ ഇന്ത്യ ഇന്ന് സ്കോട്ലാൻഡിനെ നേരിടും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. സെമിഫൈനൽ സാധ്യത നിലനിർത്തണമെങ്കിൽ ഇന്ത്യക്ക് ഇന്ന് ജയിച്ചേ മതിയാവൂ. റൺ റേറ്റ് ഉയർത്തുന്നതിനായി വലിയ മാർജിനിലുള്ള ജയം ഇന്ത്യക്ക് അനിവാര്യമാണ്. അതേസമയം, സ്കോട്ട്‌ലാൻഡ് ലോകകപ്പിൽ നിന്ന് പുറത്തായിക്കഴിഞ്ഞു.
ടോസ് നിർണായകമാവുന്ന ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ടോസ്സ് വിജയിക്കുന്നവർ ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. കഴിഞ്ഞ കളിയിൽ അഫ്ഗാനിസ്ഥാനെതിരെ നടത്തിയ മികച്ച ബാറ്റിംഗ് പ്രകടനം തന്നെ ഈ കളിയിലും പുറത്തെടുക്കേണ്ടതുണ്ട്. അബുദാബിയിലേതുപോലെ ബാറ്റിംഗ് ആയാസരഹിതമായ പിച്ചല്ലെങ്കിലും ഇന്ത്യക്ക് മുന്നിൽ അത് മാത്രമേ വഴിയുള്ളൂ.
ഓപ്പണർമാരായ രാഹുലും രോഹിതും ഫോമിലെത്തിയത് ആശ്വാസമാണ്. കഴിഞ്ഞ മത്സരത്തിൽ നിന്നും ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാവാനിടയില്ല. ഷരീഫ്, കെയിൽ കോട്സർ, റിച്ചി ബെരിങ്ടൺ, ജോർജ് മുൺസി, ക്രിസ് ഗ്രീവ്സ് തുടങ്ങി മികച്ച താരങ്ങൾ സ്കോട്ട്‌ലാൻഡിനുണ്ട്. ഒരു അട്ടിമറി പ്രതീക്ഷിക്കുന്നില്ലെങ്കിൽ പോലും സ്കോട്ട്‌ലാൻഡിനെ വിലകുറച്ച് കാണാനാവില്ല.
ഈ മത്സരത്തിലും അടുത്ത മത്സരത്തിലും ഉയർന്ന മാർജിനിൽ ജയിച്ചാലേ ഇന്ത്യക്ക് സെമിഫൈനൽ സാധ്യതയുള്ളൂ. കൂടാതെ ന്യൂസീലാൻഡിനെ അഫ്ഗാനിസ്ഥാനോ നമീബിയയോ തോല്പിക്കുകയും വേണം.
✍? എസ്.കെ.
Leave a reply