കിവീസ് vs കങ്കാരൂസ് : The great finale

ക്രിക്കറ്റ് ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ചുകൊണ്ട് T20 ക്രിക്കറ്റ്‌ മാമാങ്കത്തിന്റെ അവസാന മത്സരത്തിന് കളമൊരുങ്ങുകയാണ് . കന്നി കിരീടം കണ്ണ് വച്ച് ഇറങ്ങുന്ന രണ്ട് വമ്പൻ ടീമുകൾ. രണ്ട് പേരും ക്രിക്കറ്റ്‌ ഇതിഹാസങ്ങൾക്ക് പേര് കേട്ടവർ.ഒരിടത്ത് വശ്യമായ ചിരി പടർത്തി ശാന്തനായ ബ്ലാക്ക് ക്യാപ്‌സിന്റെ സ്വന്തം വില്ലിച്ചായൻ ആണെങ്കിൽ മറുവശത്ത് ഓസ്ട്രേലിയൻ കരുത്തൻ ആരോൺ ഫിഞ്ച്.
ഫൈനലിൽ ആദ്യം സീറ്റ് ഉറപ്പിച്ചത് വില്യംസൺന്റെ ന്യൂസിലാണ്ട് ആയിരുന്നു. ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റുകൾക്ക് പരാജയപെടുത്തി അവർ വരവ് ശക്തമാക്കി എന്നാൽ അതെ മാർജിനിൽ പാകിസ്ഥാനെ തകർത്തുകൊണ്ടാണ് ഓസ്ട്രേലിയ ഫൈനലിലേയ്ക്ക് രാജാകീയമായ വരവ് കാഴ്ചവച്ചത്.

ന്യൂസിലാന്റിന് ഇത് ഒരു മധുര പ്രതികാരത്തിനുള്ള അവസരമാണ് 2015 ലോകകപ്പ് ഫൈനലിൽ ഏറ്റ തിരിച്ചടിയ്ക്ക് മറുപടി നൽകുവാൻ ഇതിലും നല്ല അവസരം ഇല്ല എന്നതാണ് സത്യം. T20 ലോകകപ്പിൽ കറുത്ത കുപ്പായക്കാർക്ക് ഇത് ആദ്യ ഫൈനലാണ്. ഒരു സ്വപ്ന യാത്ര എന്നൊക്കെ പറയും വിധം മികച്ച പ്രകടനമാണ് ടീം പൊതുവെ കാഴ്ചവച്ചത്. ഇതും കൂടി നേടിയാൽ ഈ വർഷത്തെ രണ്ടാമത്തെ പൊൻതൂവലുമായി അവർക്ക് അഭിമാനത്തോടെ നാട്ടിലേയ്ക്ക് മടങ്ങാം.കോൺവേ പരിക്ക് മൂലം പുറത്തായത് തീർച്ചയായും ന്യൂസിലാന്റിന് തിരിച്ചടിയാണ് പക്ഷേ അവസാന മത്സരത്തിലെ ഡാരിൽ മിച്ചലിന്റെ അസാധ്യ ബാറ്റിംഗ് അവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഓൾറൗണ്ട് മികവ് ചീകിമിനുക്കി എടുത്ത് ജിമ്മി നീഷം കൂടി തിളങ്ങിയപ്പോൾ അത് ഇരട്ടിയായി.ട്രെന്റ് ബൗൾട്ട്, ആഡം മിൽനെ, സൗത്തീ സോധി എന്നിവർ ചേർന്ന് നയിക്കുന്ന ബൗളിംഗ് നിരയും നല്ല പ്രകടനം തന്നെ തുടർന്നുപോകുന്നു.

മറുവശത്ത് എല്ലാവരുടെയും കണക്ക് കൂട്ടലുകൾ തെറ്റിച്ചുകൊണ്ട്, ഓസ്ട്രേലിയൻ ഓൾറൗണ്ട് മികവ് ഒരിക്കൽ കൂടി കാഴ്ചവച്ച് കങ്കാരുക്കൾ വരവ് രാജകീയമാക്കി.മാർക്കസ്സ് സ്റ്റോയിനിസ്, മാത്യു വെയ്ഡ് എന്നിവർ നിറഞ്ഞാടിയ അവസാന മത്സരത്തിൽ ഒരിക്കലും അവസാനിക്കാത്ത ഓസിസ് ക്രിക്കറ്റ് പാരമ്പര്യത്തിന്റെ തീകനലുകൾ എരിഞ്ഞു കത്തി.ബാറ്റിംഗിൽ ഡേവിഡ് വാർണർ തന്നെയാണ് ഓസ്ട്രേലിയയുടെ നെടുംതൂൺ.ആറ് മത്സരങ്ങളിൽ നിന്നും 236 റൺസ് അടിച്ചുകൂട്ടിയ വാറുണ്ണി ഏതൊരു ടീമിനും വെല്ലുവിളിയാണ്. സ്റ്റോയിനിസ് ഈ കളി ഫോം കണ്ടെത്തിയാൽ അതും ഓസിസിന് ഗുണം ചെയ്യും
ആഡം സാമ്പ എന്ന തുറുപ്പ് ചീട്ട് ഫിഞ്ചിന് നൽകുന്ന ആത്മവിശ്വാസം ഏറെയാണ്.
സ്റ്റാർക്ക്, ഹേസൽവുഡ്, കമ്മിൻസ് എന്നിവർ ചേർന്ന് നയിക്കുന്ന പേസ് അറ്റാക്ക് കൂടി നന്നായി പന്തെറിഞ്ഞാൽ ഓസ്ട്രേലിയക്ക് വിജയം ബാലികേറാമലയാവില്ല.

ഫൈനലുകൾ ഇനിയും കീറാമുട്ടികൾ അല്ലെന്ന് തെളിയിക്കുവാൻ ന്യൂസിലാന്റിന് വിജയം കൂടിയേ തീരൂ. വലിയ ടൂർണമെന്റ് ഫൈനലുകൾ വിജയിച്ച അനുഭവ സമ്പത്ത് കങ്കാരുകൾക്ക് കരുത്തേൽകുന്നു. ഇരുവരിൽ ആരാവും ആ കപ്പിൽ മുത്തമിടുന്നത്??. കാലം കാത്ത് വച്ച ആ വിജയി ആരായിരിക്കും നമ്മുക്ക് കണ്ടറിയാം..!!

Shankarkrishnan

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply