അടപടലം പാക്കിസ്ഥാൻ; ലോകകപ്പിൽ നിന്നും പിടിച്ചു പുറത്തിട്ട് ഓസീസ്.

ടി-ട്വന്റി ലോകകപ്പിൽ നിന്നും പാക്കിസ്ഥാൻ പുറത്തു. സെമി പോരാട്ടത്തിൽ പാക്കിസ്ഥാൻ ഉയർത്തിയ 177 റൺസിന്റെ വിജയലക്ഷ്യം 5 വിക്കറ്റിന് ഒരു ഓവർ ബാക്കി നിൽക്കെ ഓസ്ട്രേലിയ മറികടന്നു. മത്സരത്തിൽ പലപ്പോഴും പാക്കിസ്ഥാൻ വിജയിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും മർക്കസ് സ്റ്റോയ്‌നിസും, മാത്യു വേഡും നടത്തിയ മിന്നലാക്രമണത്തിൽ പാക്കിസ്ഥാൻ ബൗളർമാർക്ക് അടിപതറുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ടെങ്കിലും ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. റിസ്‌വാൻ 67 , ക്യാപ്റ്റൻ ബാബർ അസം 39, സമാൻ 55 എന്നിവരാണ് പാക്കിസ്ഥാനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. ഓസ്‌ട്രേലിയക്ക് വേണ്ടി സ്റ്റാർക്ക് 2 വിക്കറ്റും, സാമ്പ, കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ ഫിഞ്ചിനെ അഫ്രീദി പൂജ്യത്തിന് മടക്കി. പിന്നീട് കൃത്യമായ ഇടവേളകളിൽ പാക്കിസ്ഥാൻ വിക്കറ്റുകൾ നേടിയതോടെ ഓസ്ട്രേലിയ മത്സരം കൈവിട്ടെന്ന് തോന്നിച്ചു. ഓപ്പണർ ഡേവിഡ് വാർണർ നടത്തിയ ചെറുത്ത് നിൽപ്പ് മാത്രമാണ് ഓസ്ട്രേലിയക്ക് പ്രതീക്ഷ നൽകിയത്. എന്നാൽ വാർണർ 49 റൺസെടുത്ത് മടങ്ങിയതോടെ ഓസ്ട്രേലിയ വീണ്ടും പരുങ്ങലിലായി.

എന്നാൽ ആറാം വിക്കറ്റിൽ മർക്കസ് സ്റ്റോയ്‌നിസും, മാത്യു വേഡും ശ്രദ്ധയോടെ ബാറ്റുവീശിയതോടെ ഓസ്ട്രേലിയ പതിയെ മത്സരത്തിലേക്ക് തിരിച്ചു വന്നുതുടങ്ങി. അവസാന ഓവറുകളിൽ ഇരുവരും നടത്തിയ ആക്രമണത്തിന് പാക്കിസ്ഥാനു മറുപടി ഉണ്ടായിരുന്നില്ല. ഷഹീൻ അഫ്രീദി എറിഞ്ഞ പത്തൊൻപതാം ഓവറിലെ അവസാന മൂന്ന് പന്തും മാത്യു വേഡ് സിക്സർ പറത്തിയാണ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്. സ്റ്റോയ്‌നിസ് 31 പന്തിൽ 40 റൺസും, മാത്യു വേഡ് 17 പന്തിൽ 41 റൺസും നേടി.

ഞായറാഴ്ച്ച നടക്കുന്ന ഫൈനലിൽ ഓസ്ട്രേലിയ ന്യൂസീലാന്റിനെ നേരിടും.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply