ടി20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായി; വിരാട് കോഹ്ലിയുടെ അവസാന മത്സരം നാളെ.

ടി20 ലോകകപ്പിൽ നിന്നും സെമി കാണാതെ ഇന്ത്യ പുറത്തായി. ഇന്നത്തെ മത്സരത്തിൽ അഫ്ഘാനിസ്ഥാൻ ന്യൂസിലാന്റിനെ പരാജയപ്പെടുത്തിയിരുന്നെങ്കിൽ കണക്കുകളിൽ ഇന്ത്യക്ക് സാധ്യതകൾ ഉണ്ടായിരുന്നു. എന്നാൽ അഫ്ഘാനിസ്ഥാനെതിരെ ന്യൂസിലാന്റ് വിജയിച്ചതോടെ ഇന്ത്യ ടൂർണ്ണമെന്റിൽ നിന്നും പൂർണ്ണമായും പുറത്തായി. ഇതോടെ ഗ്രൂപ്പ് ബി-യിൽ നിന്നും പാകിസ്ഥാനും, ന്യൂസിലാന്റും സെമി ഫൈനലിന് യോഗ്യത നേടി.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഘാനിസ്ഥാനു 8 വിക്കറ്റ് നഷ്ടമാക്കി 124 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. അഫ്ഘാനിസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 19 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ നിന്നും 124 എന്ന ബേധപ്പെട്ട സ്കോറിലേക്ക് എത്തിച്ചത് നജീബുല്ലാഹ് സദ്രാൻ നടത്തിയ ഒറ്റയാൾ പോരാട്ടം മാത്രമാണ്. 48 പന്തിൽ 73 റൺസാണ് സദ്രാൻ നേടിയത്. ന്യൂസിലാന്റിനുവേണ്ടി ബോൾട്ട് മൂന്നും, സൗത്തീ രണ്ടും, മിൽനെ, സോധി, നീഷാം എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്റ് വളരെ കരുതലോടെയാണ് മത്സരത്തെ സമീപിച്ചത്. വിക്കറ്റുകൾ തുടരെ നഷ്ടമാവാതിരിക്കാൻ ന്യൂസിലാന്റ് താരങ്ങൾ ശ്രദ്ധപുലർത്തി. ഇതോടെ 11 പന്തുകൾ ബാക്കി നിർത്തി 8 വിക്കറ്റിന്റെ വിജയം ന്യൂസിലാന്റ് സ്വന്തമാക്കുകയായിരുന്നു. ന്യൂസിലാന്റിന് വേണ്ടി ഗുപ്റ്റിൽ 28, മിച്ചൽ 17, പുറത്താവാതെ നിന്ന കോൺവേ 36, ക്യാപ്റ്റൻ വില്യംസൺ 40 റൺസും നേടി.

ഇതോടെ നാളത്തെ മത്സരത്തിൽ നമീബിയക്കെതിരെ വിജയിച്ചാലും ഇന്ത്യക്ക് സെമി യോഗ്യത നേടാൻ സാധിക്കില്ല. ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് ഇന്ത്യയും, ന്യൂസിലാന്റും പരാജയപ്പെട്ടപ്പോൾ തന്നെ തുടർന്ന് നടന്ന ഇന്ത്യ-ന്യൂസിലാന്റ് മത്സരം ഒരു ക്വാർട്ടർ ഫൈനൽ പോരാട്ടമാവുമെന്ന് വിലയിരുത്തലുകൾ ഉണ്ടായിരുന്നു. അതിനെ ശരി വെക്കുംവിധമാണ് പിന്നീട് കാര്യങ്ങൾ നടന്നത്. പാകിസ്ഥാനോട് പരാജയപ്പെട്ടെങ്കിലും ഇന്ത്യയോട് ഉൾപ്പെടെ തുടർന്നുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാണ് ന്യൂസിലാന്റ് സെമി യോഗ്യത നേടിയെടുത്തത്.

ഇതോടെ ഈ ലോകകപ്പോടെ ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച വിരാട് കോഹ്ലിയുടെ ക്യാപ്റ്റനായുള്ള അവസാന മത്സരമാവും നാളെ നമീബിയക്കെതിരെയുള്ളത്. നാളെ രാത്രി 7:30നാണ് മത്സരം.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply