‘കോഹ്ലി ഒക്കെ എനിക്ക് പുറകിൽ: ഞാനാണ് ലോകത്തിലെ ഒന്നാം റാങ്ക് താരം’- മുന്‍ പാക് താരം.

ഇന്ത്യന്‍ താരം വിരാട് കോഹ്ലിയെക്കാൾ കേമനായിരുന്നിട്ടും തന്നെ പാക് ടീം സെലക്ടര്‍മാര്‍ നിരന്തരം തഴഞ്ഞുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം. പാക്കിസ്ഥാനുവേണ്ടി 16 ടെസ്റ്റിലും ഏഴ് ഏകദിനത്തിലും കളിച്ചിട്ടുള്ള ഖുറാം മന്‍സൂറാണ് ഏകദിനങ്ങളില്‍ കോഹ്ലിയെക്കാൾ മികച്ച റെക്കോര്‍ഡുണ്ടായിട്ടും തന്നെ പാക് സെലക്ടര്‍മാര്‍ ഒഴിവാക്കിയെന്ന് തുറന്നു പറയുന്നത്. 2008ല്‍ പാക്കിസ്ഥാനുവേണ്ടി അരങ്ങേറിയ ഖുറാം മന്‍സൂര്‍ കോഹ്ലി ഉള്‍പ്പെട്ട ഇന്ത്യക്കെതിരെ ഒരിക്കല്‍ കളിച്ചിട്ടുണ്ട്. ഏഷ്യാ കപ്പിലായിരുന്നു ആ മത്സരം. അന്ന് 10 റണ്‍സെടുത്ത ഖുറാം കോഹ്ലിയുടെ ഡയറക്‌ട് ത്രോയില്‍ റണ്ണൗട്ടായി. ഖുറാമിന്റെ അവസാന രാജ്യാന്തര മത്സരമായിരുന്നു അത്.

ഏകദിന ക്രിക്കറ്റെടുത്താല്‍ ഏറ്റവും മികച്ച 10 കളിക്കാരെ എടുത്താല്‍ താനായിരിക്കും ഒന്നാം സ്ഥാനത്ത്. കോഹ്ലി തനിക്ക് പുറകിലാണെന്ന് നാദിര്‍ അലിയുടെ യുട്യൂബ് ചാനലില്‍ ഖുറാം പറഞ്ഞു. വിരാട് കോഹ്ലിയുമായി എന്നെ താരതമ്യം ചെയ്യുകയല്ല. എങ്കിലും സെഞ്ചുറികളുടെ കാര്യമെടുത്താല്‍ കോഹ്ലി ഓരോ ആറ് ഇന്നിംഗ്‌സിലും ഒരു സെഞ്ചുറി വീതം നേടുമ്പോൾ ഞാന്‍ 5.68 ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി ലിസ്റ്റ് എ ക്രിക്കറ്റില്‍ എന്റെ ബാറ്റിംഗ് ശരാശരി 53 ആണ്, ലിസ്റ്റ് എ ക്രിക്കറ്റില്‍ ലോകത്തിലെ എല്ലാ കളിക്കാരെ എടുത്താലും അഞ്ചാം സ്ഥാനത്ത് ഞാനുണ്ട്. 2015 മുതല്‍ ഇതുവരെ കളിച്ച 48 ഇന്നിംഗ്‌സുകളില്‍ 24 സെഞ്ചുറികള്‍ ഞാന്‍ നേടി. ഇക്കാലയളവില്‍ പാക്കിസ്ഥാനുവേണ്ടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത മറ്റേതൊരു താരത്തെക്കാളും റണ്‍സടിച്ചിട്ടുണ്ട് ഞാന്‍. ട്വിന്റി20യിലും സെഞ്ചുറി നേടി മികവ് കാട്ടാന്‍ എനിക്കായി. എന്നിട്ടും ഞാന്‍ അവഗണിക്കപ്പെട്ടു. അതിനുള്ള കാരണം ആരും ഇതുവരെ പറഞ്ഞില്ലെന്നും ഖുറാം പറഞ്ഞു.

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇതുവരെ കളിച്ച 166 മത്സരങ്ങളില്‍ 7992 റണ്‍സാണ് ഖുറാം നേടിയത്. 27 സെഞ്ചുറികള്‍ നേടിയിട്ടുള്ള ഖുറാം ഓരോ 6.11 ഇന്നിംഗ്‌സിലും ഒരു സെഞ്ചുറി വീതം നേടിയിട്ടുണ്ട്. 53.42 ബാറ്റിം ശരാശരിയും 36കാരാനായ ഖുറാമിനുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റിലെ ബാറ്റര്‍മാരില്‍ നിലവില്‍ ആറാം സ്ഥാനത്താണ് ഖുറാം.

What’s your Reaction?
+1
6
+1
4
+1
4
+1
34
+1
8
+1
10
+1
7

Leave a reply