മഴ മൂലം അഞ്ചാം ദിനം ഉപേക്ഷിച്ചു; നോട്ടിങ്ഹാം ടെസ്റ്റ്‌ സമനിലയിൽ

മഴ തടസ്സപ്പെടുത്തിയ അഞ്ചാം ദിനം ഉപേക്ഷിച്ചപ്പോൾ ആദ്യ ടെസ്റ്റ്‌ സമനിലയിൽ കലാശിച്ചു. ജയപ്രതീക്ഷയുമായി നാലാം ദിനം അവസാനിപ്പിച്ച ഇന്ത്യക്ക് അർഹിച്ചിരുന്ന ജയം നഷ്ടമായപ്പോൾ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ നാലു പോയിന്റുകൾ വീതം ഇരു ടീമുകളും പങ്കുവെച്ചു. രണ്ടിനിങ്ങ്സുകളിലുമായി നൂറ്റി എഴുപത്തിമൂന്ന് റൺസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ടാണ് മാൻ ഓഫ് ദി മാച്ച്.

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്കു ശേഷമാണ് ഇന്ത്യൻ ടീം നോട്ടിങ്ഹാം ടെസ്റ്റിനിറങ്ങിയത്. അഞ്ചു മത്സരങ്ങളാണ് ഈ പരമ്പരയിലുള്ളത്. അന്താരാഷ്ട്ര കരിയറിൽ നിന്നും ഇടവേള എടുത്തിരിക്കുന്ന ഓൾ റൗണ്ടർ ബെൻ സ്റ്റോക്സും പരിക്കേറ്റ് പുറത്തായ ഫാസ്റ്റ് ബൗളിംഗ് കുന്തമുന ജോഫ്ര അർച്ചറുമില്ലാതെ ഇംഗ്ലീഷ് ടീം നോട്ടിങ്ഹാം ടെസ്റ്റിനിറങ്ങിയപ്പോൾ പരിശീലനത്തിനിടെ തലക്ക് പരിക്കേറ്റു പുറത്തായ ഓപ്പണിങ് ബാറ്റ്സ്മാൻ മായങ്ക് അഗർവാൾ ഇല്ലാതെയായിരുന്നു ഇന്ത്യ ഇറങ്ങിയത്.

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഫോം കണ്ടെത്തിയ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരുടെ ബലത്തിൽ 183 റൺസിൽ ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിച്ചു. ജസ്‌പ്രീത് ബുമ്ര നാലു വിക്കറ്റും മുഹമ്മദ്‌ ഷമി മൂന്ന് വിക്കറ്റും നേടിയപ്പോൾ ശർദുൽ താക്കൂർ രണ്ടും മുഹമ്മദ്‌ സിറാജ് ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കെ എൽ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടെയും അർദ്ധ സെഞ്ച്വറികളുടെയും വാലറ്റക്കാരുടെ അക്രമണ ബാറ്റിംങ്ങിന്റെയും പിൻബലത്തിൽ 278 റൺസ് നേടിയപ്പോൾ ഒന്നാം ഇന്നിങ്സിൽ 95 റൺസിന്റെ ഭേദപ്പെട്ട ലീഡ് നേടായായി.
ഇംഗ്ലണ്ടിനായി ഓലെയ്‌ റോബിൻസൺ അഞ്ചു വിക്കറ്റും ജെയിംസ് ആൻഡേഴ്സൺ നാല് വിക്കറ്റും നേടി. ഈ പ്രകടനത്തോടെ ആൻഡേഴ്സൺ ടെസ്റ്റ്‌ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന മൂന്നാമത്തെ ബൗളർ എന്ന നാഴികകല്ല് പിന്നിട്ടു.

രണ്ടാം ഇന്നിങ്സിൽ ക്യാപ്റ്റൻ ജോ റൂട്ട് സെഞ്ച്വറി നേടിയെങ്കിലും ഇംഗ്ലണ്ട് സ്കോർ 303ൽ അവസാനിച്ചു. ഇന്ത്യക്കായി ജസ്‌പ്രീത് ബുമ്ര അഞ്ചു വിക്കറ്റും മുഹമ്മദ്‌ സിറാജ് ശർദുൽ താക്കൂർ എന്നിവർ രണ്ട് വിക്കറ്റും മുഹമ്മദ്‌ ഷമി ഒരു വിക്കറ്റും നേടി.
209 റൺസ് പിന്തുടന്ന് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് നാലാം ദിവസം കളി നിർത്തുമ്പോൾ ഇരുപത്തിയാറ് റൺസ് എടുത്ത കെ എൽ രാഹുലിന്റെ വിക്കറ്റ് മാത്രം നഷ്ടപ്പെട്ട് 52-1 എന്ന നിലയിലായിരുന്നു. ഒൻപത് വിക്കറ്റ് ബാക്കി നിൽക്കെ ജയിക്കാൻ 157 റൺസ് ആയിരുന്നു അവസാന ദിനം ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാൽ നിർഭാഗ്യം മഴയുടെ രൂപത്തിൽ വന്നപ്പോൾ അർഹിച്ച വിജയം കൈപ്പിടിയിലൊതുക്കാൻ ടീം ഇന്ത്യക്കായില്ല.

  • JIA
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply