T20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഇന്ന് വൈകിട്ട് 7.30 നു ദുബായ് ഐ. സി. സി അക്കാഡമിയി ഗ്രൗണ്ടിൽ വച്ചായിരിക്കും മത്സരം അരങ്ങേറുക. T20 ലോകകപ്പിന്റെ പ്രഥമ സീസണിൽ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് പിന്നീട് കിരീടം കിട്ടാകനിയാണ്. ഈ ലോകകപ്പോടുകൂടി T20 യിൽ ക്യാപ്റ്റൻ സ്ഥാനമൊഴിയുന്ന സൂപ്പർ താരം വിരാട് കോഹ്‌ലിക്ക് കിരീടം സമ്മാനിക്കുക എന്ന ലക്ഷ്യമാവും ടീം ഇന്ത്യയ്ക്ക് മുന്നിൽ ഉണ്ടാവുക. മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്രസിംഗ് ധോണി ടീം മെന്ററായി എത്തിയതും ഇന്ത്യൻ ക്യാമ്പിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
മറുവശത്ത് മോർഗന്റെ നേതൃത്വത്തിൽ കളിക്കളത്തിലിറങ്ങുന്ന ഇംഗ്ലണ്ട് ടീമിന് 3 സൂപ്പർ താരങ്ങളുടെ സേവനം നഷ്ടമാകും. ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്ക്‌സ്, സാം കുറാൻ എന്നിവർക്കാണ് പരിക്കുമൂലം ടീമിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നത്. കഴിഞ്ഞ ലോകകപ്പിൽ വെസ്റ്റിൻഡീസിനോട് ഫൈനലിൽ തോൽവി വഴങ്ങിയ മോർഗനും സംഘവും രണ്ടാം കിരീടം തന്നെയാവും ലക്ഷ്യമിടുക. 2010 ൽ വെസ്റ്റിൻഡീസിൽ വെച്ച് നടന്ന ലോകകപ്പിലാണ് ഇംഗ്ലണ്ട് അവസാനമായി കിരീടം സ്വന്തമാക്കിയത്.
രണ്ടാം സന്നാഹമത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെയും ഇംഗ്ലണ്ട് ന്യൂസിലാന്റിനെയും നേരിടും. ലോകകപ്പിലെ സൂപ്പർ12 ലെ ആദ്യ പോരാട്ടത്തിൽ ഇന്ത്യ ചിരവൈരികളായ പാകിസ്താനെയും ഇംഗ്ലണ്ട് നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിൻഡിസിനെയും നേരിടും.
മത്സരം സ്റ്റാർസ്പോർട്സിലും ഹോട്സ്റ്റാറിലും തത്സമയം വീക്ഷിക്കാവുന്നതാണ്.
Leave a reply