ടി-ട്വന്റി ലോകപ്പില്‍ ഇന്ത്യ ഇന്ന് ന്യൂസിലാൻഡിനെ നേരിടും. സെമി സാധ്യത നില നിർത്താൻ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണ്ണായകമാണ്. ഗ്രൂപ്പിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച പാക്കിസ്ഥാൻ സെമി ഫൈനൽ ഉറപ്പിച്ചമട്ടാണ്. അതിനാൽ തന്നെ ഗ്രൂപ്പിൽ നിന്നും സെമിയിലേക്ക് യോഗ്യത നേടുന്ന അടുത്ത ടീമാവാൻ ഇന്ത്യക്കും ന്യൂസിലാൻഡിനും ഇന്നത്തെ മത്സര വിജയം നിർണ്ണായകമാണ്. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക.
ആദ്യ മത്സരത്തിൽ ഇരു ടീമുകളും പാക്കിസ്ഥാനോട് പരാജയപ്പെട്ടാണ് ഇന്നു രണ്ടാം മത്സരത്തിനെത്തുന്നത്. കഴിഞ്ഞ മത്സരത്തിൽ തുടരെ വിക്കറ്റുകൾ നഷ്ടമാക്കിയതാണ് ഇരു ടീമുകൾക്കും വിനയായത്. അതിനാൽ തന്നെ ട്രെന്റ് ബോള്‍ട്ട് നയിക്കുന്ന ബൗളിംഗ് നിരയുടെ പവര്‍പ്ലേ ഓവറുകൾ അതിജീവിക്കുന്നത് മത്സരത്തിൽ ഇന്ത്യക്ക് നിര്‍ണായകമാവും.
ഇന്ത്യൻ ടീമിൽ കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റെങ്കിലും ബൗളിംഗ് പരിശീലനം ഉൾപ്പെടെ നടത്തിയ ഹാര്‍ദിക് പാണ്ഡ്യ ടീമിലുണ്ടാവാനാണ് സാധ്യത. ഭുവനേശ്വര്‍ കുമാറിന് പകരം ഷാര്‍ദുല്‍ ഠാക്കൂര്‍ എത്തിയേക്കും.
മാര്‍ട്ടിന്‍ ഗപ്റ്റിലില്‍ തുടങ്ങുന്നതാണ് കിവീസിന്റെ ബാറ്റിംഗ് കരുത്ത്. പിന്നാലെ വരുന്ന നായകന്‍ വില്യംസണ്‍ ഉള്‍പ്പടെയുളളവരും അപകടകാരികളാണ്. കഴിഞ്ഞ മത്സരത്തിൽ പെട്ടെന്ന് പുറത്തായ ഓപ്പണർമാർ രോഹിത് ശർമ്മയും, കെ.എൽ.രാഹുലും ഇന്നു മികച്ച തുടക്കം നൽകിയില്ലെങ്കിൽ ഇന്ത്യക്ക് കാര്യങ്ങൾ ബുദ്ധിമുട്ടായേക്കാം. ക്യാപ്റ്റൻ കോഹ്ലി ഫോമിലാണെന്നതാണ് ഇന്ത്യയുടെ ആശ്വാസം.
ഇന്നത്തെ മത്സരത്തിൽ ടോസ്സ് നേടുക എന്നത് പ്രധാനപെട്ടതാണ്. ദുബായില്‍ കളിച്ച അവസാന പതിനെട്ട് മത്സരത്തിൽ പതിനാലിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്തവരാണ്. അതിനാൽ തന്നെ ടോസ്സ് ലഭിക്കുന്നവർ ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. പാകിസ്താനോട് പരാജയപ്പെട്ടപ്പോൾ ഇരു ടീമുകൾക്കും ടോസ്സ് നഷ്ടമായതിനാൽ തന്നെ ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നിരുന്നു.
ലോകകപ്പ് മത്സരങ്ങളിൽ ന്യൂസിലാൻഡിനെതിരെ അത്ര നല്ല റെക്കോർഡുകളല്ല ഇന്ത്യക്കുള്ളത്. കൂടാതെ ഈ വർഷം നടന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഉൾപ്പെടെ ഇന്ത്യയെ ന്യൂസിലാൻഡ് പരാജയപ്പെടുത്തിയിരുന്നു. ഇതിനുൾപ്പെടെ മറുപടി നൽകേണ്ടത് ഇന്ത്യക്ക് ഇന്നു അനിവാര്യമാണ്.
✍? എസ്.കെ.
Leave a reply