ഓവൽ ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്ര വിജയം. അര നൂറ്റാണ്ടിനു ശേഷമാണ് ഓവലിൽ ഇന്ത്യൻ ടീം വിജയം നേടുന്നത്. കരുത്തുറ്റ ഇന്ത്യൻ പടക്ക് മുന്നിൽ തകരാത്ത കോട്ട കൊത്തളങ്ങൾ ഇല്ല എന്ന് വീണ്ടും തെളിയിക്കാൻ ടീം ഇന്ത്യക്കായി.
അഞ്ചാം ദിനം പത്തു വിക്കറ്റുകളുടെ അകമ്പടിയോടെ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് സ്കോർ ബോർഡിൽ നൂറ് റൺസ് തികഞ്ഞപ്പോൾ ഓപ്പണർ റോറി ബേൺസിനെ നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടുന്നതിൽ ഇന്ത്യൻ ബൗളർമാർ വിജയിച്ചപ്പോൾ ഓവൽ ടെസ്റ്റ് ഇന്ത്യ സ്വന്തമാക്കി. ഇംഗ്ലണ്ടിനായി ഓപ്പണർമാരായ റോറി ബേൺസ്, ഹസീബ് ഹമീദ് എന്നിവർ അർദ്ധ ശതകം നേടി. അറുപത്തി മൂന്ന് റൺസെടുത്ത ഹസീബ് ഹമീദാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറർ. സെഞ്ച്വറി നേടി ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയ രോഹിത് ശർമ്മയാണ് കളിയിലെ കേമൻ.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ആദ്യ ഇന്നിങ്സിൽ ബാറ്റിങ് തകർച്ച നേരിട്ടെങ്കിലും ശർദുൽ ഠാക്കൂറിന്റെ അർദ്ധ ശതകത്തിന്റെ മികവിൽ 191 റൺസ് എന്ന മോശമല്ലാത്ത സ്കോറിലെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 99 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി. ഒരു ഘട്ടത്തിൽ ഇംഗ്ലണ്ടും ബാറ്റിങ് തകർച്ച നേരിട്ടെങ്കിലും ഒലെ പോപ്പെയുടെയും ക്രിസ് വോക്സിന്റെയും അർദ്ധ ശതകങ്ങൾ ഭേതപ്പെട്ട സ്കോറിൽ എത്തിക്കുകയായിരുന്നു.
ആദ്യ ഇന്നിങ്സിൽ തകർന്നടിഞ്ഞ ഇന്ത്യൻ ബാറ്റിങ് നിര രണ്ടാമിനിന്നിങ്സിൽ ശ്രദ്ധാപൂർവ്വം ബാറ്റ് വീശി. രോഹിത് ശർമ്മ ആദ്യ വിദേശ ടെസ്റ്റ് സെഞ്ച്വറി സ്വന്തം പേരിൽ കുറിച്ചു. പൂജാര, പന്ത്, ശർദുൽ ഠാക്കൂർ എന്നിവരും അർദ്ധ ശതകം നേടി ശ്രദ്ധേയ പ്രകടനങ്ങൾ കാഴ്ച്ചവെച്ചു. നാലാം ദിനം അവസാന സെഷനിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമാകാതെ ഭേതപ്പെട്ട പ്രകടനം നടത്തിയപ്പോൾ ഇന്ത്യക്ക് ജയം നഷ്ടമാകുമെന്ന് തോന്നി. എങ്കിലും അഞ്ചാം ദിനം ബൗളർമാർ അവസരത്തിനൊത്തുയർന്നപ്പോൾ ഇംഗ്ലീഷ് ഇന്നിങ്സ് 210 റൺസിന് അവസാനിക്കുകയും മികച്ച വിജയം ഇന്ത്യ കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിലെത്തി. മഴ മൂലം തടസ്സപ്പെട്ട ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചപ്പോൾ രണ്ടാം ടെസ്റ്റ് ഇന്ത്യയും മൂന്നാം ടെസ്റ്റ് ഇംഗ്ലണ്ടും സ്വന്തമാക്കിയിരുന്നു. പത്താം തീയതി മാഞ്ചസ്റ്ററിൽ വെച്ചാണ് അവസാന മത്സരം.
✍️ JIA
Leave a reply