മുംബൈ ടെസ്റ്റിൽ നാലാം ദിവസം തന്നെ മത്സരവും, പരമ്പരയും ഇന്ത്യ സ്വന്തമാക്കിയെങ്കിലും, മത്സരശേഷം ഇന്ത്യന്‍ താരം അശ്വിൻ പുറത്തുവിട്ട ചിത്രമാണ് ഇപ്പോൾ ചർച്ച വിഷയം. മത്സരശേഷം ഇന്ത്യയുടേയും ന്യൂസിലന്‍ഡിന്റേയും താരങ്ങള്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് അശ്വിന്‍ ട്വീറ്റ് ചെയ്തത്.
നാലു താരങ്ങള്‍ അവരവരുടെ ജഴ്സിയുമിട്ട് നിന്നപ്പോള്‍ രണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പേരാണ് കൂട്ടിവായിക്കാന്‍ കഴിഞ്ഞത്. ഇന്ത്യന്‍ താരം അക്സര്‍ പട്ടേല്‍, കിവീസ് താരങ്ങളായ അജാസ് പട്ടേല്‍, രചിന്‍ രവീന്ദ്ര, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ നിരന്നുനില്‍ക്കുന്ന ചിത്രമാണ് അശ്വിന്‍ പങ്കുവെച്ചത്.
അശ്വിന്‍ ട്വീറ്റു ചെയ്ത ചിത്രം ക്രിക്കറ്റ് പ്രേമികള്‍ ഉടനടി ഏറ്റെടുത്തു. നിമിഷനേരം കൊണ്ടാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ‘പിക്ചര്‍ പെര്‍ഫെക്ട്’ എന്ന തലവാചകത്തോടെ ഐസിസിയും ഈ ചിത്രം റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. ബിസിസിഐയും, പല ഐപിഎല്‍ ടീമുകളും ചിത്രം പങ്കുവെച്ചിട്ടുണ്ട്.
ഇവരുടെ പേരുകളിലെ സാമ്യം പരമ്പരയിലെ ആദ്യ ടെസ്റ്റിൽ തന്നെ ചർച്ചയായിരുന്നു. മത്സരം കാണാനിരുന്ന പലർക്കും താരങ്ങളുടെ പേരുകൾ പരസപരം മാറിപോവുന്നു എന്ന ട്രോളുകളും അന്നു തന്നെ സജീവമായിരുന്നു. ന്യൂസിലൻഡിന് വേണ്ടിയാണ് കളിക്കുന്നതെങ്കിലും അജാസ് പട്ടേലും, രചിന്‍ രവീന്ദ്രയും ഇന്ത്യൻ വംശജരാണ്. ഇതിൽ അജാസ് പട്ടേൽ മുംബൈയിൽ ജനിച്ച് പിന്നീട് ന്യൂസിലൻഡിലേക്ക് താമസം മാറിയ താരമാണ്. ഇവരുടെ ഇന്ത്യൻ പേരിനു പിന്നിലുള്ള കാരണവും ഇതു തന്നെയാണ്.
ഇന്ത്യ ഉയര്‍ത്തിയ 540 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡിന് 27 റണ്‍സ് എടുക്കുമ്പോഴേക്കും ശേഷിച്ച വിക്കറ്റുകളെല്ലാം നഷ്ടമാവുകയായിരുന്നു. മൂന്നാം ദിനത്തില്‍ അശ്വിന്റെ പന്തുകള്‍ക്ക് മുന്നില്‍ വട്ടം തിരിഞ്ഞ ന്യൂസിലന്‍ഡിനെ ഇന്ന് വശം കെടുത്തിയത് ജയന്ത് യാദവിന്റെ പന്തുകളായിരുന്നു. ഇന്ന് വീഴ്ത്തിയ അഞ്ച് വിക്കറ്റുകളില്‍ നാലെണ്ണവും ജയന്ത് യാദവ് സ്വന്തമാക്കി. 44 റണ്‍സെടുത്ത ഹെന്റി നിക്കോള്‍സ് ആണ് കിവീസ് നിരയിലെ ടോപ് സ്‌കോറര്‍.
✍? എസ്.കെ.
Leave a reply