മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡിനെ ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നു രാത്രിയോടെയാണ് ഉണ്ടായത്.
ഐ.പി.എൽ 14-ാം സീസൺ ഫൈനലിന് ശേഷം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ദ്രാവിഡുമായി ചർച്ച നടത്തിയെന്നും, ദ്രാവിഡ് ഇന്ത്യൻ പരിശീലകനാകാൻ സമ്മതം അറിയിച്ചെന്നും നേരത്തെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ഗാംഗുലിയുടെയും ജയ് ഷായുടെയും നിർബന്ധത്തിന് വഴങ്ങി ദ്രാവിഡ് സമ്മതം മൂളിയതായി ഒരു ഉന്നത ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ചായിരുന്നു ടൈംസ് ഓഫ് ഇന്ത്യ അന്ന് റിപ്പോർട്ട് ചെയ്തത്.
നടന്നുകൊണ്ടിരിക്കുന്ന ട്വന്റി 20 ലോകകപ്പോടെ നിലവിലെ ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ബിസിസിഐ പുതിയ പരിശീലകനായുള്ള തിരച്ചിൽ ആരംഭിച്ചത്. ഇന്ത്യൻ പരിശീലകനെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും ബോർഡ് മുൻപ് വ്യക്തമാക്കിയിരുന്നു.
മുൻപ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള ബിസിസിഐയുടെ ഓഫർ ദ്രാവിഡ് നിരസിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. 48-കാരനായ ദ്രാവിഡ് ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനായിരുന്നു. ഇതോടൊപ്പം ഇന്ത്യൻ അണ്ടർ-19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനായിരുന്നു.
നേരത്തെ 2016, 2017 വർഷങ്ങളിലും ബിസിസിഐ സീനിയർ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ദ്രാവിഡിനെ സമീപിച്ചിരുന്നു. എന്നാൽ അന്ന് ആ ഓഫർ നിരസിച്ച ദ്രാവിഡ് ജൂനിയർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ 2018-ൽ ദ്രാവിഡ് ഇന്ത്യയുടെ ബാറ്റിങ് കൺസൾറ്റന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ ജൂലായിൽ ശ്രീലങ്കയിൽ പര്യടനം നടത്തിയ ഇന്ത്യൻ ടീമിന്റെ താത്കാലിക പരിശീലകനായും അദ്ദേഹമുണ്ടായിരുന്നു.
ടി-ട്വന്റി വേൾഡ് കപ്പിന് ശേഷം വിരാട് കോഹ്ലി ടി-ട്വന്റി നായക സ്ഥാനം ഒഴിയുന്നതുൾപ്പെടെ പല നിർണ്ണായക മാറ്റങ്ങളാണ് ഇന്ത്യൻ ടീമിൽ വരും മാസങ്ങളിൽ നടക്കാനിരിക്കുന്നത്. മറ്റു ഫോർമാറ്റുകളിൽ എന്നാൽ കോഹ്ലി ക്യാപ്റ്റനായി തുടരും. അതിനാൽ തന്നെ വ്യത്യസ്ത ക്യാപ്റ്റൻമാർ നയിക്കുന്ന ടീമുകളെ കോച്ച് ചെയ്യുക എന്ന കടമ്പയാണ് കൊച്ചെന്ന നിലയിൽ ദ്രാവിഡിന് മുന്നിലുള്ളത്.
✍? എസ്.കെ.
Leave a reply