രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 6 വിക്കറ്റ് വിജയം. നിശ്ചിത 50 ഓവറിൽ ഇന്ത്യ നേടിയ 337 റൺസ് എന്ന കൂറ്റൻ സ്‌കോറിലേയ്ക്ക് ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാർ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയതോടെയാണ് ഫലം ഇംഗ്ലണ്ടിന് അനുകൂലമായത്.
കെ.എൽ. രാഹുൽ (108), വിരാട് കോഹ്ലി (66), ഋഷഭ് പന്ത് (77) എന്നിവരുടെ ബാറ്റിങ് മികവിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം 43.3 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു. അടിച്ചുതകർത്ത് ബാറ്റുചെയ്ത ജോണി ബെയർസ്റ്റോ (124), ബെൻ സ്റ്റോക്സ് (99), ജാസൺ റോയ് (55) എന്നീ മുൻനിര ബാറ്റ്സ്മാൻമാരാണ് ഇംഗ്ലണ്ടിന് മിന്നും വിജയം സമ്മാനിച്ചത്.
ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 110 റണ്‍സാണ് 16.3 ഓവറില്‍ ഇംഗ്ലണ്ട് നേടിയത്. 55 റണ്‍സ് നേടിയ റോയി റൺ ഔട്ടിൽ പുറത്തായി. പിന്നീട് ബൈര്‍സ്റ്റോയോടൊപ്പം എത്തിയ സ്റ്റോക്സ് അടിച്ച് തകര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. 52 പന്തില്‍ 10 സിക്സുകള്‍ അടക്കം 99 റണ്‍സ് എടുത്ത സ്റ്റോക്സിനെ ശതകത്തിന് ഒരു റണ്‍സ് അകലെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ പ്രസിദ്ധ് കൃഷ്ണ ഇംഗ്ലണ്ടിന് ഇരട്ട പ്രഹരം നൽകി.
എന്നാൽ അരങ്ങേറ്റ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ലിയാം ലിവിംഗ്സ്റ്റൺ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽം 1-1ന് ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് ഒപ്പമെത്തി.
Leave a reply