ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടി.വി സംപ്രേക്ഷണം നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നത് സ്റ്റാർ ഇന്ത്യയുടെ സ്റ്റാർ സ്പോർട്സ് ചാനലുകളാണ്. 2022ൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ബി.സി.സി.ഐയും സ്റ്റാർ ഇന്ത്യയുമായുള്ള ബ്രോഡ്‌കാസ്റ്റ് അവകാശ കരാർ അവസാനിക്കുന്നതിനാൽ തന്നെ അടുത്ത വർഷങ്ങളിലെ ഐ.പി.എൽ സംപ്രേഷണ അവകാശത്തിനായുള്ള ടെൻഡർ നടപടികൾ ഉടൻ ഉണ്ടാവും. ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഈ വർഷാവസാനത്തോടെ ബി.സി.സി.ഐ ടെൻഡർ നടത്തുമെന്നതാണ് മനസ്സിലാകുന്നത്.
എന്നാൽ ഇത്തവണ ടി.വി സംപ്രേഷണ അവകാശ ടെൻഡറിന് റിലൈൻസും തയ്യാറെടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. റിലൈൻസിന്റെ ഉടമസ്ഥതയിലുള്ള നെറ്റ്‌വർക്ക്18യും, റിലൈൻസ് ജിയോയും ചേർന്ന് ടി.വി ബ്രോഡ്‌കാസ്റ്റ് അവകാശത്തിനും, ഡിജിറ്റൽ അവകാശത്തിനും വേണ്ടി ടെൻഡറിൽ പങ്കെടുക്കും എന്നാണ് റിപ്പോർട്ട്. നെറ്റ്‌വർക്ക്18 കമ്പനിയുടെ ഒരു ഉപകമ്പനിയാണ് ടി.വി18. നിരവധി ചാനലുകളുടെ ഉടമസ്ഥതയുള്ള ശൃംഖലയാണ് ടി.വി18.
ടി.വി18ന്റെ ഭാഗമായുള്ള വിയകോം18 ശൃംഖലയിലാണ് ഇന്ത്യയിലെ പ്രമുഖ ചാനലുകൾ പലതും ഉള്ളത്. വിയകോം18 ശൃംഖലയിലുള്ള എം-ടി.വി ലാലിഗ ഇന്ത്യയിൽ സംപ്രേഷണം ചെയ്യാനുള്ള അവകാശം ഇതിനടുത്ത് സ്വന്തമാക്കിയിരുന്നു. റിലൈൻസ് ഉടമസ്ഥതിയുള്ള ഇത്തരം സ്ഥാപനങ്ങൾ സ്പോർട്സ് ബ്രോഡ്‌കാസ്റ്റിൽ താല്പര്യം കാണിക്കുന്നു എന്നതാണ് ഇത് തെളിയിക്കുന്നത്. ടി.വി18 സ്പോർട്സ് ചാനലുകൾ ഉടൻ ഇന്ത്യയിൽ സംപ്രേഷണം തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ഐ.പി.എൽ സംപ്രേഷണം കൂടെ റീലൈൻസ് സ്വന്തമാക്കാൻ ശ്രമിക്കും എന്ന റിപ്പോർട്ടുകൾ വരുന്നത്.
എന്നാൽ നിലവിൽ ബ്രോഡ്‌കാസ്റ്റ് അവകാശമുള്ള സ്റ്റാർ ഇന്ത്യ കൂടാതെ സോണി നെറ്റ്‌വർക്ക്, ആമസോൺ തുടങ്ങിയ പ്രമുഖരും റിലൈൻസിന് കൂടെ ടെൻഡറിൽ ഉണ്ടായേക്കാം.
- -✍️ എസ്.കെ.
Leave a reply