ഏകദിന ലോകകപ്പിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. ചിരവൈരികളായ പാകിസ്ഥാനെതിനെ 7 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. 6 വീതം സിക്സെറിന്റെയും ബൗണ്ടറിയുടെയും നിറവിൽ 63 പന്തിൽ 83 റൺസ് നേടിയ നായകൻ രോഹിത്തും അർദ്ധസെഞ്ചുറി നേടിയ ശ്രെയസും ബാറ്റിംഗിൽ ഇന്ത്യയുടെ കാര്യങ്ങൾ എളുപ്പമാക്കി.
ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ കണക്കുകൂട്ടലിന് വിപരീതമായി മികച്ച തുടക്കമാണ് ഓപ്പണിങ് കൂട്ടുകെട്ട് പാകിസ്താന് നൽകിയത്. സിറാജും പണ്ട്യയും ഓപ്പൺർമാരെ മടക്കി കളി ഇന്ത്യയുടെ കയ്യിലെത്തിച്ചു എന്ന് കരുതിയ സന്ദർഭത്തിലാണ് പാകിസ്ഥാൻ നായകൻ ബാബർ അസമും റിസ്വാനും ചേർന്ന് മികച്ചൊരു കൂട്ടുകെട്ടിലൂടെ പാകിസ്ഥനെ മുന്നോട്ട് കൊണ്ടുപോയി.
എന്നാൽ അർദ്ധസെഞ്ച്വറി നേടിയതിന് പിറകെ ബാബറിനെ സിറാജ് ബൗളേഡ് ആക്കിയതോടെ പാകിസ്ഥാന്റെ തകർച്ചയും തുടങ്ങി. പിന്നീട് പാകിസ്ഥാന് ബാറ്റർമാരുടെ മാർച്ചിങ് പരേഡിനാണ് അഹമ്മദബാദ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 155-2 എന്ന നിലയിൽ നിന്നും 191 ന് ഓൾഔട്ട് എന്ന നിലയിലേക്ക് പാകിസ്ഥാൻ കൂപ്പുകുത്തി.
പാകിസ്താന്റെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോറിനാണ് ഇന്ത്യൻ ബൗളേർമാർ അവരെ ചുരുട്ടികൂട്ടിയത്.
മറുപടി ബാറ്റിങ്ങിൽ തന്റെ ഹോം സ്റ്റേഡിയത്തിൽ, ഡെങ്കിപനിയുടെ ക്ഷീണമൊന്നുമില്ലെന്ന് ഓർമിപ്പിക്കും വിധം 4 ബൗണ്ടറികളുമായി ഗിൽ കളം നിറഞ്ഞെങ്കിലും ടീം സ്കോർ 23 ലെത്തിയപ്പോൾ ഗിൽ വീണു. പിന്നാലെ 16 റൺസ് നേടി കൊഹ്‌ലിയും നേരത്തെ മടങ്ങിയെങ്കിലും ഹിറ്റ്‌മാന്റെ വെടിക്കെട്ടിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അർഹമായ സെഞ്ച്വരിയിലേക്ക് കുതിച്ചുകൊണ്ടിരുന്ന രോഹിതിനെ ബുദ്ധിപരമായൊരു സ്ലോ ബോളിൽ അഫീദി പുറത്താക്കിയെങ്കിലും ശ്രെയസ് അയ്യരും രാഹുലും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
7 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ജസ്‌പ്രിത് ബുമ്രയാണ് മാൻ ഓഫ് ദി മാച്ച്.നിലവിലെ ജയത്തോടെ പോയിന്റ് പട്ടികയിൽ ന്യൂസിലാൻണ്ടിനെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തി. ലോകകപ്പിൽ ഇതുവരെ പാകിസ്ഥാനോട് തോറ്റിട്ടില്ലെന്ന റെക്കോർഡ് 8-ാം മത്സരത്തിലും ഇന്ത്യ കാത്തുസൂക്ഷിക്കുന്നു.
ഇന്ത്യയുടെ അടുത്ത മത്സരം 19-ാം തീയതി വ്യാഴാഴ്ച്ച അയൽക്കാരായ ബംഗ്ലാദേശിനെതിരെയാണു. 20-ാം തീയതി ഓസ്ട്രേലിയയ്ക്കെതിരെയാണ് പാകിസ്താന്റെ അടുത്ത മത്സരം.
Leave a reply