ധോണിയുടേത് ചാണക്യ തന്ത്രം; കോടികൾ എറിഞ്ഞ് സ്റ്റോക്സിനെ പൊക്കിയത് ചുമ്മാതല്ല.

ഇന്നലെ നടന്ന ഐപിഎൽ മിനി ലേലത്തിൽ 16.25 കോടി രൂപ ചിലവാക്കി ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിനെ ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയതിന് പിന്നിൽ മറ്റൊരു ഉദ്ദേശം കൂടെയുണ്ടെന്ന് സിഎസ്കെയുടെ മുൻ ന്യൂസിലാന്റ് താരം സ്കോട്ട് സ്റ്റൈറിസ്. നിലവിൽ സിഎസ്കെയുടെ നായകൻ എം.എസ് ധോണി ആണെങ്കിലും ക്യാപ്റ്റൻസി ഉത്തരവാദിത്വം പരിചയ സമ്പന്നനായ ബെൻ സ്റ്റോക്സിനെ ഏൽപ്പിക്കാനാണ് ധോണിയും സിഎസ്കെയും ഇതുവഴി ഉദ്ദേശിക്കുന്നതെന്നാണ് സ്റ്റൈറിസ് പറയുന്നത്.

 

“എനിക്ക് അങ്ങനെയാണ് തോന്നുന്നത്. ബെൻ സ്റ്റോക്സ് ആയിരിക്കും വരുന്ന സീസണിൽ ചെന്നൈയുടെ നായകൻ. നായക സ്ഥാനം കൈമാറാൻ മുൻപും ധോണി ശ്രമിക്കുന്നത് നമ്മൾ കണ്ടിരുന്നു. ധോണി ഇപ്പോൾ സ്ഥിരമായി ക്രിക്കറ്റ് കളിക്കുന്നില്ല, ഐപിഎൽ മാത്രമാണ് അദ്ദേഹം കളിക്കുന്നത്. നായക സ്ഥാനം കൈമാറാൻ ഇതൊരു അവസരമാണ്. അത് ഉടൻ ചെയ്യുമെന്നാണ് ഞാൻ കരുതുന്നത്. ബെൻ സ്റ്റോക്സ് ആയിരിക്കും ഈ വരുന്ന സീസണിൽ ചെന്നൈയുടെ നായകൻ”.– ഐപിഎൽ ലേലത്തെ കുറിച്ചുള്ള ചർച്ചയിൽ സ്റ്റൈറിസ് പറഞ്ഞു. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ നായക സ്ഥാനം രവീന്ദ്ര ജഡേജയ്ക്ക് ധോണി കൈമാറിയിരുന്നെങ്കിലും, ടീമിന്റെ പ്രകടനം മോശമായതിനെ തുടർന്ന് ജഡേജ സ്ഥാനം ഒഴിഞ്ഞപ്പോൾ സീസണിന്റെ ഇടയ്ക്ക് വച്ച് ധോണി വീണ്ടും ചെന്നൈയുടെ നായക സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

What’s your Reaction?
+1
4
+1
2
+1
2
+1
1
+1
2
+1
5
+1
1

Leave a reply