ഐ.പി.എല്‍ 14 ആം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ ഡല്‍ഹി കാപിറ്റല്‍സിനോട് ഏഴു വിക്കറ്റിന് പരാജയപ്പെട്ടാണ് ചെന്നൈ സൂപ്പര്‍ കിങ്സ് തുടങ്ങിയത്. ഡല്‍ഹിയ്‌ക്കെതിരായ തോല്‍വിയ്ക്ക് പിന്നാലെ ചെന്നൈ നായകന്‍ എം.എസ്. ധോണിക്ക് മറ്റൊരു തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപ ധോണി പിഴയായി നല്‍കണം.
ഐ.പി.എല്‍ 2021ന്‍റെ പുതിയ പെരുമാറ്റച്ചട്ടം പ്രകാരം മണിക്കൂറില്‍ 14.1 ഓവറുകള്‍ തീര്‍ക്കാത്തതാണ് ധോണിക്ക് വിനയായത്.
സീസണില്‍ ഇതുമായി ബന്ധപ്പെട്ടുണ്ടായ ആദ്യ നടപടിയാണിത്.
ടൂര്‍ണമെന്റില്‍ ഈ വ്യവസ്ഥ രണ്ടാമതും തെറ്റിച്ചാല്‍ പിഴ 24 ലക്ഷമാകും. മൂന്നാമതും ആവര്‍ത്തിച്ചാല്‍ 30 ലക്ഷം രൂപ പിഴയും ഒരു കളിയില്‍ നിന്ന് വിലക്കും നേരിടേണ്ടി വരും. സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ പിഴവ് വരുത്തിയ ധോണിയ്ക്ക് ഇനിയുള്ള ഓരോ മത്സരങ്ങളിലും ഓവര്‍ നിരക്കില്‍ ഏറെ ശ്രദ്ധ നല്‍കേണ്ടി വരും.
കഴിഞ്ഞ കുറച്ച് സീസണുകളിലായി മത്സരം നിശ്ചയിച്ച സമയത്തില്‍ നിന്ന് നീണ്ടുപോകുന്നുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഐ.പി.എല്‍ അധികൃതര്‍ പെരുമാറ്റചട്ടം പരിഷ്കരിച്ചത്. സ്ട്രാറ്റജിക് ടൈം ഔട്ട് കൂടാതെ മണിക്കൂറില്‍ 14.1 ഓവറുകള്‍ പൂര്‍ത്തിയാക്കണമെന്നും 20 ഓവര്‍ 90 മിനിറ്റിനകം എറിഞ്ഞ് തീര്‍ക്കണമെന്നുമാണ് ചട്ടം.
ശനിയാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈ ഉയർത്തിയ 189 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തുകള്‍ ശേഷിക്കേ ഡല്‍ഹി മറികടന്നിരുന്നു. ഒന്നാം വിക്കറ്റില്‍ 138 റണ്‍സ് ചേര്‍ത്ത ശിഖര്‍ ധവാനും പൃഥ്വി ഷായും ചേര്‍ന്നാണ് ഡല്‍ഹിക്ക് മിന്നും ജയം സമ്മാനിച്ചത്. ഡല്‍ഹി ക്യാപ്റ്റനായി അരങ്ങേറിയ ഋഷഭ് പന്തിന് വിജയത്തോടെ തുടങ്ങാനായി.
ഏറെ നാളുകള്‍ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ സുരേഷ് റെയ്നയുടെ അര്‍ദ്ധ സെഞ്ച്വറി ചെന്നൈയ്ക്ക് കരുത്തായിരുന്നു. പക്ഷേ, ഭാഗ്യം ഇക്കുറി ഡല്‍ഹിക്കൊപ്പമായിരുന്നു.
Leave a reply