സെഞ്ചുറിയുമായി സഞ്ജു തകർത്തടിച്ച മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് നാലു റണ്‍സ് തോല്‍വി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 222 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 217 റൺസാണ് നേടാനായത്. സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ അവസാന പന്തില്‍ പുറത്തായതോടെയാണ് രാജസ്ഥാന്‍ തോല്‍വി വഴങ്ങിയത്.
ബൗളിങ്ങില്‍ പഞ്ചാബിനായി അര്‍ശ്ദീപ് സിങ് 3 വിക്കറ്റും, മുഹമ്മദ് ഷമി 2 വിക്കറ്റും നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് നേടിയത്.
50 പന്തില്‍ 7 ബൗണ്ടറിയും 5 സിക്സറുമടക്കം 91 റണ്‍സ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍, 28 പന്തില്‍ 4 ബൗണ്ടറിയും, 6 സിക്സറുമടക്കം 64 റണ്‍സ് നേടിയ ദീപക് ഹൂഡ, 28 പന്തില്‍ 4 ബൗണ്ടറിയും 2 സിക്സറുമടക്കം 40 റണ്‍സ് നേടിയ ക്രിസ് ഗെയ്ല്‍ എന്നിവരുടെ മികച്ച പ്രകടനങ്ങളാണ് പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
ബൗളിങ്ങില്‍ രാജസ്ഥാന് വേണ്ടി ചേതന്‍ സക്കറിയ 3 വിക്കറ്റും, ക്രിസ് മോറിസ് 2 വിക്കറ്റും സ്വന്തമാക്കി.
മത്സരം രാജസ്ഥാൻ തോറ്റെങ്കിലും ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് സഞ്ജു സ്വന്തമാക്കി. 63 പന്തുകള്‍ നേരിട്ട സഞ്ജു ഏഴ് സിക്‌സും 12 ഫോറുമടക്കം 119 റണ്‍സെടുത്തു. ഐ.പി.എല്ലില്‍ താരത്തിന്റെ മൂന്നാം സെഞ്ചുറിയാണിത്.
Leave a reply