ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനിടെ ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ 1 ലംഘിച്ചതിന് ഇന്ത്യയുടെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തി. കളിക്കാർക്കും, ടീമിലെ മറ്റു സ്റ്റാഫുകൾക്കും വേണ്ടിയുള്ള ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.20 രവീന്ദ്ര ജഡേജ ലംഘിച്ചതായി കണ്ടെത്തിയതോടെയാണ് നടപടി. ഇതിനുപുറമെ, ജഡേജയുടെ അച്ചടക്ക രേഖകളിൽ ഒരു ഡിമെറിറ്റ് പോയിന്റും ഐസിസി ചേർത്തിട്ടുണ്ട്.
മത്സരത്തിൽ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സിന്റെ 46-ാം ഓവറിനിടെ, ജഡേജ തന്റെ ചൂണ്ടുവിരലിൽ ക്രീം പുരട്ടുന്ന ദൃശ്യം പുറത്തുവരികയും, പന്തിൽ ജഡേജ കൃതിമം കാട്ടിയെന്ന ആരോപണം ഉയരുകയും ചെയ്തിരുന്നു. വീഡിയോ ദൃശ്യങ്ങളിൽ മുഹമ്മദ് സിറാജിന്റെ കയ്യിൽ നിന്നും ക്രീം വാങ്ങിയ ജഡേജ ഇടതുകൈയുടെ ചൂണ്ടുവിരലിൽ തടവുന്നതായാണ് കാണപ്പെട്ടത്. തുടർന്ന് ജഡേജ ചൂണ്ടുവിരലിലെ വീക്കത്തിന് ക്രീം പുരട്ടുകയായിരുന്നുവെന്ന് ഇന്ത്യൻ ടീം മാനേജ്‌മെന്റ് വിശദീകരിച്ചിരുന്നു. എന്നാൽ ഓൺ ഫീൽഡ് അമ്പയർമാരോട് അനുവാദം ചോദിക്കാതെയാണ് ജഡേജ ഇത് ചെയ്തത്. ഇതാണ് നടപടിയിലേക്ക് കടക്കാൻ ഐസിസിയെ പ്രേരിപ്പിച്ചത്.
എന്നാൽ മെഡിക്കൽ ആവശ്യങ്ങൾക്ക് മാത്രമാണ് വിരലിൽ ക്രീം പ്രയോഗിച്ചതെന്ന ഇന്ത്യയുടെ വാദം മാച്ച് റഫറി അംഗീകരിച്ചു. പന്തിൽ കൃത്രിമ പദാർത്ഥമായി ക്രീം പ്രയോഗിച്ചിലെന്നും, ക്രീം പന്തിന്റെ അവസ്ഥയിൽ മാറ്റം വരുത്തിയിലെന്നും മാച്ച് റഫറി കണ്ടെത്തിയതിനാൽ കൂടുതൽ പരിക്കുകൾ ഇല്ലാതെ ജഡേജ രക്ഷപ്പെടുകയായിരുന്നു.
Leave a reply