‘ജാർവോ 69 – ക്ലീൻ ബൗൾഡ്’ | ഇനി സ്റ്റേഡിയത്തിലേക്ക് പ്രവേശനമില്ല.

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയ ഇംഗ്ലണ്ടുകാരനു പിഴയും ലീഡ്സ് സ്റ്റേഡിയത്തിൽ ആജീവനാന്ത വിലക്കും. ലീഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണു ഡാനിയൽ ജാർവിസ് എന്ന യുട്യൂബർ ഗ്രൗണ്ടിലിറങ്ങിയത്. രോഹിത് ശർമ പുറത്തായ ഉടനെ ഇന്ത്യൻ ജഴ്സിയിൽ ഹെൽമറ്റും പാഡുമണിഞ്ഞ് കോവിഡ് സുരക്ഷ മാസ്‌കോടെ ജാർവിസ് ഗ്രൗണ്ടിലിറങ്ങി. ‘ജാർവോ 69’ എന്നു ജഴ്‌സിയിൽ പേരുമുണ്ടായിരുന്നു. ജാർവോ ക്രീസിലെത്തി ബാറ്റ് ചെയ്യാൻ ഒരുങ്ങിയ ശേഷമാണു സുരക്ഷാ ഉദ്യോഗസ്ഥർ ജർവോയെ പിടികൂടി ഗ്രൗണ്ടിനു പുറത്തെത്തിച്ചത്.

ഗ്രൗണ്ടിൽ ഉണ്ടായിരുന്ന കളിക്കാർക്കും, കാഴ്ചക്കാർക്കും ഇത് പുതുമയുള്ള കാഴ്ചയല്ല. ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിലും ഇന്ത്യൻ ജഴ്സിയണിഞ്ഞ് ഗ്രൗണ്ടിലിറങ്ങിയ ഇദ്ദേഹം ഇന്ത്യൻ താരങ്ങൾക്കൊപ്പം ഫീൽഡിങ്ങിന് തയ്യാറെടുത്തതും, നിർദ്ദേശങ്ങൾ നൽകിയതും ചിരിപടർത്തിയിരുന്നു. അപകടം മണത്ത സുരക്ഷാ ജീവനക്കാർ ഓടിയെത്തി ഇദ്ദേഹത്തെ ഗ്രൗണ്ടിൽ നിന്ന് മാറ്റുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ അന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായത്തോടെ ജാർവോയും ശ്രദ്ധേയനായി.

തുടർന്ന് ഇപ്പോൾ ജാർവോയ്ക്ക് ആജീവനാന്ത വിലക്കാണ് ലീഡ്സ് സ്റ്റേഡിയം അധികൃതർ വിധിച്ചിരിക്കുന്നത്. കൂടാതെ ജാർവോയ്ക്ക് പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ ഓവലിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ഏവരുടെയും കണ്ണ് വെട്ടിച്ച് ജാർവോ വീണ്ടുമെത്തുമോ എന്നത് കാത്തിരുന്ന് കാണാം.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply