സയ്യിദ് മുഷ്താഖ് അലി ട്രോഫി | ഹിമാചലിനെ തകര്‍ത്ത് കേരളം ക്വാര്‍ട്ടറിൽ.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍. പ്രീക്വാര്‍ട്ടറില്‍ ഹിമാചല്‍ പ്രദേശിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് കേരളം മുന്നേറിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഹിമാചല്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കേരളം 19.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഓപ്പണര്‍ മുഹമ്മദ് അസറുദ്ദീന്‍ (60), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (പുറത്താവാതെ 52) നേടിയ അര്‍ധ സെഞ്ചുറികളാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. സച്ചിന്‍ ബേബി (10) പുറത്താവാതെ നിന്നു.

രോഹന്‍ കുന്നുമ്മലിന്റെ (22) വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. 34 റണ്‍സാണ് ഒന്നാവിക്കറ്റില്‍ അസറിനൊപ്പം രോഹന്‍ കൂട്ടിച്ചേര്‍ത്തത്. പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന സഞ്ജു- അസര്‍ സഖ്യം കേരളത്തെ വിജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിപിച്ചു. എന്നാല്‍ 18-ാം ഓവറിന്റെ അവസാന പന്തില്‍ അസറുദ്ദീന്‍ മടങ്ങി. ഇരുവരും മൂന്നാം വിക്കറ്റില്‍ 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാലാമനായി ക്രീസിലെത്തിയ സച്ചിന്‍ ബേബിയെ കൂട്ടൂപിടിച്ച് സഞ്ജു വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഹിമാചലിനെ കേരള പേസര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. 65 റണ്‍സെടുത്ത രാഘവ് ധവാനാണ് ഹിമാചലിന്റെ ടോപ് സകോറര്‍. ആറ് വിക്കറ്റുകളാണ് ഹിമാചലിന് നഷ്ടമായത്.

കേരളത്തിനായി മിഥുൻ രണ്ടും, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, ജലജ് സക്‌സേന, എം എസ് അഖില്‍ എന്നിവർ ഓരോ വിക്കറ്റും നേടി. പരിക്ക് കാരണം റോബിന്‍ ഉത്തപ്പ ഇല്ലാതെയാണ് കേരളം ഇറങ്ങിയത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply