“കോഹ്‌ലിയുടെ സമ്മർദ്ദത്തിന് വഴങ്ങിയത് തെറ്റായി പോയി” ; കുംബ്ലെ തിരിച്ചെത്തിയേക്കും

ട്വന്റി20 ലോകകപ്പിനുശേഷം സ്ഥാനമൊഴിയുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രി വ്യക്തമാക്കിയതോടെ, പകരക്കാരനെ കണ്ടെത്താൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ) തയ്യാറെടുക്കുന്നു. ഇന്ത്യയുടെ മുൻ താരവും, കോച്ചും ആയിരുന്ന അനിൽ കുംബ്ലെയാണ് പകരക്കാരായി ഉയർന്നുകേൾക്കുന്ന പേരുകളിൽ പ്രധാനം.

2016–17 കാലഘട്ടത്തിലാണ് അനിൽ കുംബ്ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മുൻപ് പരിശീലിപ്പിച്ചത്. ബി.സി.സി.ഐ നിഷ്കർഷിച്ച മാനദണ്ഡ‍ങ്ങൾ പാലിച്ച്, സച്ചിൻ തെൻഡുൽക്കർ–സൗരവ് ഗാംഗുലി–വി.വി.എസ്. ലക്ഷ്മൺ എന്നിവർ ഉൾപ്പെട്ട ഉപദേശക സമിതിയാണ് വിശദമായ അഭിമുഖത്തിലൂടെ കുംബ്ലെയെ അന്ന് പരിശീലകനായി തിരഞ്ഞെടുത്തത്.

പിന്നീട് 2017ലെ ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനോടു തോറ്റതിനു പിന്നാലെ കുംബ്ലെ പരിശീലക സ്ഥാനം ഒഴിയുകയായിരുന്നു. ഇപ്പോൾ രവി ശാസ്ത്രി കോച്ചിങ് അവസാനിപ്പിക്കുന്നതോടെ കുംബ്ലെയേയും, വി.വി.എസ്. ലക്ഷ്മണിനെയും ഈ സ്ഥാനത്തേക്ക് ബി.സി.സി.ഐ പരിഗണിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

‘അന്ന് അനിൽ കുംബ്ലെയെ കൈവിട്ട തെറ്റ് തിരുത്താൻ സമയമായി. കോലിയുടെ സമ്മർദ്ദത്തിന് വഴങ്ങി കുംബ്ലെയെ കൈവിട്ട തീരുമാനം അത്ര നല്ല മാതൃകയല്ല സമ്മാനിച്ചത്. കുംബ്ലെയും ലക്ഷ്മണും ജോലിക്ക് അപേക്ഷിക്കാൻ സന്നദ്ധരാണോ എന്നു മാത്രമേ ഇനി അറിയേണ്ടതുള്ളൂ’ – ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply