ക്യാപ്റ്റൻ കൂൾ, ദി ബെസ്റ്റ് വിക്കറ്റ് കീപ്പർ ഇൻ ദി വേൾഡ്, ദി ബെസ്റ്റ് ഫിനിഷർ, എന്നിങ്ങനെ ഒട്ടനവധി നാമ വിശേഷണങ്ങളാണ് മഹേന്ദ്ര സിംഗ് ധോണിക്ക് ആരാധകരാൽ ചാർത്തി കിട്ടിയിട്ടുള്ളത്.
ടീമിന്റെ തന്ത്രശാലിയായ “ക്യാപ്റ്റൻ” അതിലുപരി ബാറ്റ്സ്മാൻമാർക്ക് പിന്നിൽ ഒരു കുറുക്കനെ പോലെ പതിഞ്ഞിരുന്നു സ്റ്റമ്പുകൾ പിഴുതെറിയുന്ന മികച്ച ഒരു വിക്കറ്റ് കീപ്പർ, അവസാന ഓവർ വരെ ടീമിന് വിജയ പ്രതീക്ഷ നൽകുന്ന മഹി ആരാധകർക്ക് ഒരു പ്രതീക്ഷ തന്നെയായിരുന്നു. എന്നാൽ 2019ലെ വേൾഡ് കപ്പ് സെമി ഫൈനലിലെ വേദനയേറുന്ന തോൽവിക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പടിയിറങ്ങിയ മഹി പിന്നീടങ്ങോട്ടു കടന്നു കൂടിയത് തന്റെ കരിയറിലെ ഏറ്റവും വലിയ ഫോം ഔട്ടിലേക്ക് കൂടിയായിരുന്നു.
സെമിയിലെ തോൽവിക്ക് ശേഷം വിരമിക്കൽ പ്രഖ്യാപിച്ച ധോനിയെ പിന്നീട് ഒന്നു കാണാൻ ആരാധകർക്ക് ഒരുപാട് കാത്തിരിക്കേണ്ടി വന്നു. കോവിഡ് മഹാമാരി മൂലം താമസിച്ചു തുടങ്ങിയ കഴിഞ്ഞ കൊല്ലത്തെ അറേബ്യൻ മണ്ണിലെ ഐ പി എൽ ദിനങ്ങളായിരുന്നു അത്. എന്നാൽ ആരാധകർ കാത്തിരുന്ന 2019 ഐ പി എൽ സീസണിൽ വിസ്മയം തീർത്ത മഹേന്ദ്ര ജാലത്തെയോ എല്ലാ വർഷവും പ്ലേയോഫ് കടക്കുന്ന ചെന്നൈ സൂപ്പർ കിങ്സിനെയോ അല്ല അവിടെ കണ്ടത്, മറിച്ച് അറേബ്യൻ ചൂടിൽ വെന്തുരുകിയ ധോണിപടയെ ആയിരുന്നു.
ഈ വയസൻ പട ഇനി ഒരു തിരിച്ചു വരവ് അടുത്ത് എങ്ങും കാണില്ല എന്ന് വിധിയെഴുതിയവർക്ക് മറുപടിയെന്നോണം ആകണം പതിനാലാം സീസണിന്റെ പ്ലേയോഫിലേക്കുള്ള ആദ്യ പാസ്സ് എടുത്തുകൊണ്ട് ഈ ധോണിപ്പടയുടെ കടന്നുകയറ്റം.
അതും വർഷങ്ങൾക്ക് മുമ്പ് അസ്തമിച്ചു എന്ന് കാണികൾ വിധിയെഴുതിയ മഹേന്ദ്രജാലത്തിലൂടെയാകുമ്പോൾ ആരാധകർക്ക് ലഭിക്കുന്നത് ഇരട്ടിമധുരം തന്നെയാണ്. അതെ, ദി ബെസ്റ്റ് ഫിനിഷർ എന്ന് ലോകം മുഴുവൻ വാഴ്ത്തി പാടിയ മഹേന്ദ്ര സിംഗ് ധോണിയുടെ തനതായ ശൈലിയിലൂടെയുള്ള ആ സിക്സർ പറന്നടുത്തത് ഈ സീസണിൽ ആദ്യ സെമി കടക്കുന്ന ടീം എന്ന വിശേഷണത്തിലേക്ക് കൂടിയായിരുന്നു. ഇതൊരിക്കലും പണ്ടെങ്ങോ അസ്തമിച്ചു പോയ തങ്ങളുടെ പ്രിയപ്പെട്ടവന്റെ തിരിച്ചു വരവായി കണക്കാക്കാൻ സാധിക്കില്ലെങ്കിലും ആ മഹേന്ദ്രജാലത്തിന്റെ ഒരു അംശം ഇപ്പോളും തന്നിൽ ഉണ്ടെന്നുള്ളതിന്റെ തെളിവായി ഇതിനെ കണക്കാക്കാം.
ഇനിയൊരു മഹി ഇന്ത്യൻ മണ്ണിൽ ഉടലെടുക്കുമോ എന്ന് അറിയില്ല പക്ഷെ വർഷങ്ങൾക്കു മുമ്പ് ഇന്ത്യൻ നായക പരിവേഷത്തിലെത്തിയ ആ നീളൻ മുടിക്കാരനെ, തങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയ ക്യാപ്റ്റൻ കൂളിനെ ഒരു ക്രിക്കറ്റ് ആരാധകനും മറക്കില്ല.
@abhi
Leave a reply