ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനും മുൻ ഇന്ത്യൻ താരവുമായ മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റിൽ നിന്ന് ഉടൻ വിരമിക്കില്ല. ചെന്നൈ സൂപ്പർ കിങ്സിനുവേണ്ടി കഴിയാവുന്ന അത്രയും കാലം കളിക്കണമെന്ന് ധോണി പറഞ്ഞു.
ഇന്ത്യ സിമന്റ്സിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്. ‘ക്രിക്കറ്റിനോട് വിടപറയാൻ സമയമായിട്ടില്ല. ചെന്നൈയ്ക്ക് വേണ്ടി ഇനിയും കളിക്കണം. എന്റെ വിരമിക്കൽ മത്സരം ചെന്നൈയിൽ വെച്ച് നടക്കണമെന്നാണ് ആഗ്രഹം. എന്റെ ആരാധകരും അത് ആഗ്രഹിക്കുന്നുണ്ട്’- ചടങ്ങിനിടെ ധോണി പറഞ്ഞു.
ധോണിയെ അടുത്ത വർഷവും ടീമിൽ നിലനിർത്തുമെന്നും, ചിലപ്പോൾ അതിൽ കൂടുതൽ വർഷങ്ങൾ നിലനിർത്തയേക്കാമെന്നും ഇന്ത്യൻ സിമന്റ്സ് ഔദ്യോഗിക വൃത്തങ്ങൾ ധോണിയുടെ പ്രസ്താവനയോട് പ്രതികരിച്ചതായും റിപ്പോർട്ടുണ്ട്. തന്റെ വിരമിക്കൽ മത്സരം ചെന്നൈയിൽ കളിക്കണമെന്ന് മാത്രമാണ് ധോണി പറഞ്ഞതെന്നും, അത് അടുത്ത വർഷം തന്നെ ആവണമെന്ന് നിർബന്ധമില്ലെന്നും ഇവർ പറഞ്ഞതായാണ് റിപ്പോർട്ട്.
ടി-ട്വന്റി ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉപദേശകനാണ് ധോണി. ഈ ചുമതല ലഭിച്ചതോടെ താരം ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ പടർന്നിരുന്നു. ഇതെല്ലാം ധോണിയുടെ പ്രസ്താവനയിലൂടെ ഇല്ലാതായി.
ക്രിക്കറ്റിനൊപ്പം പരസ്യങ്ങളിലും സജീവമാകുമെന്നും എന്നാൽ ബോളിവുഡിലേക്ക് കടക്കാനും സിനിമ ചെയ്യാനും താൽപര്യമില്ലെന്നും ധോണി കൂട്ടിച്ചേർത്തു.
2020 ഓഗസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ധോണി നിലവിൽ ചെന്നൈ സൂപ്പർ കിങ്സിനുവേണ്ടി മാത്രമാണ് കളിക്കുന്നത്.
✍? എസ്.കെ.
Leave a reply