സീ ന്യൂസ് ചാനൽ നടത്തിയ ഒളിക്യാമറ അന്വേഷണത്തിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെക്കുറിച്ചും തുറന്നുപറഞ്ഞ് ഇന്ത്യൻ ടീം സിലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ. സഞ്ജു സാംസണെ ടീമിലെടുത്തില്ലെങ്കില്‍ ട്വിറ്ററിലെ ആളുകൾ ബിസിസിഐയ്ക്കു നേരെ വരുമെന്നായിരുന്നു ചേതൻ ശർമയുടെ വാക്കുകൾ. സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ എടുക്കാതിരുന്നപ്പോഴെല്ലാം സമൂഹമാധ്യമങ്ങളിലുണ്ടാകുന്ന വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചേതൻ ശർമയുടെ പരാമർശം. ബംഗ്ലദേശിനെതിരായ ഏകദിനത്തിൽ ഇഷാൻ കിഷന്റെ ഡബിൾ സെഞ്ചറിയും ശുഭ്മൻ ഗില്ലിന്റെ മികച്ച ഫോമും സഞ്ജു സാംസൺ, കെ.എൽ. രാഹുൽ, ശിഖർ ധവാൻ എന്നിവരുടെ കരിയർ അപകടത്തിലാക്കിയെന്നും ചേതൻ ശർമ പ്രതികരിച്ചു.
അധികം വൈകാതെ ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻസി പൂർണമായും ഏറ്റെടുക്കുമെന്നും ചേതൻ ശര്‍മ സ്റ്റിങ് ഓപ്പറേഷനിൽ വെളിപ്പെടുത്തി. ‘‘രോഹിത് ശർമ, വിരാട് കോലി തുടങ്ങിയവർക്ക് ‘വിശ്രമം’ നൽകിയത് ശുഭ്മൻ ഗില്ലിന് അവസരം നൽകാൻ വേണ്ടിയാണ്. രോഹിത് ശർമ ഏറെക്കാലം ട്വന്റി20 ടീം സെറ്റപ്പിൽ ഉണ്ടാവില്ല. പേസർ ജസ്പ്രീത് ബുമ്രയുടെ പരുക്ക് അതീവ ഗുരുതരമായതിനാലാണ് ഫിറ്റ്നസ് തെളിയിച്ചു വീണ്ടും കളിക്കിറങ്ങാൻ കഴിയാത്തത്. ബുമ്രയ്ക്കു കുനിയാൻ പോലും കഴിയാത്ത വിധം നടുവിനു പരുക്കുണ്ട്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ ഒരു മത്സരമെങ്കിലും കളിച്ചിരുന്നെങ്കിൽ പിന്നീട് ഒരു വർഷത്തേക്ക് അദ്ദേഹം പുറത്തിരിക്കേണ്ടി വന്നേനെ.’’
‘‘രോഹിത് ശർമയും വിരാട് കോലിയും തമ്മിൽ പിണക്കമൊന്നുമില്ല. എന്നാൽ ഇവർ തമ്മിലുള്ള ഈഗോ പ്രശ്നം വളരെ വലുതാണ്. ഇരുവരും വലിയ സിനിമാ താരങ്ങളെപ്പോലെയാണ്. ഒരാൾ അമിതാഭ് ബച്ചനും ഒരാൾ ധർമേന്ദ്രയും എന്ന പോലെ. ഇരുവർക്കും അവരുടെ ഇഷ്ടക്കാരായി ടീമിൽ ആളുകളുണ്ട്. മുൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കാരണമാണ് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായതെന്നാണ് വിരാട് കോലി കരുതുന്നത്. ഗാംഗുലിയുടെ പല നിർദേശങ്ങൾക്കും കോലി ചെവി കൊടുക്കുമായിരുന്നില്ല.’’
‘‘ഇരുവരും തമ്മിലുള്ള ഈഗോയാണ് പ്രശ്നങ്ങൾ വലുതാക്കിയത്. സിലക്ടർമാരും ബോർഡ് മെംബർമാരും ഉൾപ്പെടെ പങ്കെടുത്ത ഒരു വിഡിയോ കോൺഫറൻസിൽ വരെ പ്രശ്നമുണ്ടായി. ഗാംഗുലിയും കോലിയും തമ്മിൽ വ്യക്തിപരമായ കാര്യങ്ങളിൽ അഭിപ്രായപ്രകടനം ഉണ്ടായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിന് ഏതാനം മണിക്കൂർ മാത്രം മുൻപാണ് ക്യാപ്റ്റൻസി മാറ്റക്കാര്യം താനറിഞ്ഞത് എന്നു കോലി മാധ്യമസമ്മേളനത്തിൽ തുറന്നടിച്ചത് ഗാംഗുലിയെ ഉന്നം വച്ചാണ്.’’– വിഡിയോയിൽ ചേതൻ ശർമ പറഞ്ഞു.
Leave a reply