‘ഇതാണ് കാരണം’ സഞ്ജുവിനെ ഇറക്കാത്തതിന് ന്യായീകരണവുമായി നായകൻ ഹർദിക് പാണ്ട്യ.

മികച്ച ഫോമിൽ കളിച്ചാലും മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ സ്ഥിരമായൊരു സ്ഥാനം ഇന്നും കിട്ടാക്കനിയാണ്. സീനിയർ താരങ്ങൾ കളിക്കുന്ന പരമ്പരകളിൽ സഞ്ജുവിനെ സ്‌ക്വാഡിൽ പോലും പരിഗണിക്കാറില്ല. സീനിയർ താരങ്ങൾ വിശ്രമത്തിന് പോവുമ്പോഴാണ് സഞ്ജു സ്‌ക്വാഡിലെങ്കിലും ഇടം പിടിക്കാറുള്ളത്. ഇനി സ്‌ക്വാഡിൽ ഇടം പിടിച്ചാലും അവസാന പതിനൊന്നിൽ ഇടം പിടിക്കുക ഇന്നും ദുഷ്കരമാണ്. പല പരമ്പരകളിലും സ്‌ക്വാഡിലുണ്ടെങ്കിലും ഗാലറിയിൽ ഇരുന്ന് കളികാണാനാണ് സഞ്ജുവിന് പലപ്പോഴും വിധി. ഇത്തരത്തിൽ നിരന്തരം അവഗണിക്കപ്പെടുന്ന സഞ്ജുവിന് ഇന്നലെ അവസാനിച്ച ന്യൂസിലാൻഡ് പര്യടനത്തിലെ ടി-ട്വന്റി പരമ്പരയിലും അവസരം നിഷേധിക്കപ്പെട്ടു.

ടി-ട്വന്റി ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് നാണംകെട്ടു തോറ്റു മടങ്ങിയ ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങളെല്ലാം വിശ്രമത്തിന് പോയപ്പോഴാണ് സഞ്ജുവിന് ന്യൂസിലാൻഡ് പര്യടന സ്‌ക്വാഡിൽ ഇടം ലഭിച്ചത്. മഴ കാരണം മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം പൂർണ്ണമായി ഉപേക്ഷിച്ചപ്പോൾ മൂന്നാം മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു. ഇതോടെ രണ്ടാം മത്സരം വിജയിച്ചതിന്റെ ആനുകൂല്യത്തിൽ ഇന്ത്യ പരമ്പര വിജയം നേടിയിരുന്നു. എന്നാൽ സ്‌ക്വാഡിൽ ഇടം നേടിയ സഞ്ജുവിനെ പരമ്പരയിൽ ഒരു മത്സരത്തിൽ പോലും അവസാന ടീമിൽ ഉൾപ്പെടുത്താഞ്ഞത് സോഷ്യൽ മീഡിയയിൽ ആരാധകരുടെ കടുത്ത പ്രതിഷേധത്തിന് വഴിവച്ചിരുന്നു. മത്സരശേഷം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താതിനെ കുറിച്ചു മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ഇന്ത്യൻ നായകൻ ഹർദിക് പാണ്ട്യ അതിനു പറഞ്ഞ മറുപടി ഇങ്ങനെ.

“സഞ്ജുവിനെ കളിപ്പിക്കാനാവാഞ്ഞത് തീർത്തും ദൗർഭാഗ്യകരമാണ്. ഞങ്ങൾക്ക് അവനെ ഇറക്കണമായിരുന്നു എന്നാൽ ചില തന്ത്രപരമായ കാരണങ്ങളാൽ അതിനു സാധിച്ചില്ല.”- പാണ്ട്യ പറഞ്ഞു. എന്നാൽ ഏറെ നാളായി ഫോമിലല്ലാത്ത ഋഷഭ് പന്തിനും, ശ്രേയസ് ഐയ്യറിനുമുൾപ്പെടെ ഈ പരമ്പരയിലും അവസരം നൽകിയ ഹർദിക്കിന്റെ ഈ തന്ത്രപരമായ കാരണം എന്ന ന്യായീകരണത്തെ ആരാധകർ പരിഹാസത്തോടെയാണ് സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തത്. ന്യൂസിലാന്റിനെതിരായി നവംബർ 25ന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡിലും ഇടം നേടിയ സഞ്ജുവിന് അതിലെങ്കിലും കളിക്കാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ശിഖർ ധവാനാണ് ഈ പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത്.

അർജന്റീന ആരാധകർ ദുഃഖിക്കേണ്ടതില്ല; ചരിത്രം ആവർത്തിച്ചാൽ ദേ ഇതായിരിക്കും ഫലം.

What’s your Reaction?
+1
0
+1
2
+1
0
+1
1
+1
1
+1
1
+1
1

Leave a reply