‘എന്റെ സ്ത്രീത്വം കളങ്കപ്പെടുത്തി’; ക്രിക്കറ്റ് താരം പൃഥ്വി ഷാക്കെതിരെ മോഡലിന്റെ പരാതി.

സെല്‍ഫിയെടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ഭോജ്പുരി നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ സപ്ന ഗില്‍ പരാതിയുമായി രംഗത്ത്. മുംബൈ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലാണ് പൃഥ്വി ഷാക്കും സുഹൃത്ത് ആശിഷ് യാദവിനുമെതിരെ പരാതി നല്‍കിയത്. പൃഥ്വി ഷായുടെ പരാതിയില്‍ മുംബൈ പൊലീസ് കസ്റ്റഡിയിലായിരുന്ന സപ്ന ഗില്ലിന് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചതോടെയാണ് പരാതിയുമായി രംഗത്തെത്തിയത്. ക്രിമിനല്‍ ഗൂഢാലോചന, സംഘര്‍ഷമുണ്ടാക്കല്‍, ആയുധങ്ങളുമായി കലാപം, സ്ത്രീത്വം കളങ്കപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 15ന് താന്‍ ഒരു ക്ലബില്‍ പോയപ്പോള്‍ ക്രിക്കറ്റ് താരത്തെ മദ്യപിച്ച നിലയില്‍ കണ്ടെന്നും തന്റെ സുഹൃത്തായ ശോഭിത് താക്കൂര്‍ സെല്‍ഫിക്കായി ഷായെ സമീപിച്ചപ്പോള്‍ ശത്രുതയോടെ പെരുമാറുകയും സുഹൃത്തിന്റെ ഫോണ്‍ പിടിച്ചുവാങ്ങി തറയില്‍ എറിഞ്ഞ് കേടുവരുത്തുകയും ചെയ്തെന്നും സപ്ന ഗില്‍ പരാതിയില്‍ ആരോപിച്ചു. താക്കൂറിനെ ക്രിക്കറ്റ് താരവും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ചപ്പോള്‍ താന്‍ ഇടപെടുകയും സുഹൃത്തിനെ മര്‍ദിക്കരുതെന്ന് അഭ്യര്‍ഥിക്കുകയുമാണ് ചെയ്തത്. ഈ സമയം പൃഥ്വി ഷാ തന്നെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും തള്ളുകയും ചെയ്തു. പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ അങ്ങനെ ചെയ്യരുതെന്ന് യാചിച്ചതിനാലാണ് താന്‍ പരാതി നല്‍കാതിരുന്നത്. ഞാന്‍ 50,000 രൂപ ആവശ്യപ്പെട്ടെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, ഇക്കാലത്ത് ഈ തുകകൊണ്ട് എന്താവാനാണ്?. രണ്ട് റീല്‍ ഇട്ടാല്‍ ഒരൊറ്റ ദിവസം ഇതിലധികം ലഭിക്കും. ആരോപണത്തിന് ഒരു നിലവാരമെങ്കിലും വേണ്ടേയെന്നും സപ്ന പറഞ്ഞു.

ബുധനാഴ്ച രാത്രി മുംബൈയിലാണ് കേസിനാസ്പദമായ സംഭവം. മുംബൈയിലെ മാന്‍ഷന്‍ ക്ലബിലുള്ള സഹാറ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു പൃഥ്വി ഷാ. ഈ സമയത്താണ് ഇവിടെയെത്തിയ സപ്‌ന ഗില്ലും സുഹൃത്ത് ശോഭിതും സെല്‍ഫി ആവശ്യപ്പെട്ടത്. പൃഥ്വി ഷാ ഒരു ഫോട്ടോക്ക് നിന്നുകൊടുക്കുകയും ചെയ്തു. എന്നാല്‍, ഇതിനുശേഷവും സംഘം വീണ്ടും സെല്‍ഫി ആവശ്യപ്പെട്ടു. ഇതിന് പൃഥ്വി ഷാ കൂട്ടാക്കിയില്ലെന്നാണ് റിപ്പോര്‍ട്ട്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ വന്നതാണെന്നും തങ്ങളെ വിടണമെന്നും താരം അപേക്ഷിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. ഇത് അക്രമികളെ പ്രകോപിപ്പിച്ചു. താരം പരാതി പറഞ്ഞതോടെ ഹോട്ടല്‍ ജീവനക്കാര്‍ ഇവരെ പുറത്താക്കി. തുടര്‍ന്ന് സംഘം പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. പൃഥ്വി ഷാ സഞ്ചരിച്ച സുഹൃത്തിന്റെ ബി.എം.ഡബ്ല്യു കാര്‍ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. ബേസ്‌ബോള്‍ ബാറ്റ് കൊണ്ട് കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. പിന്നീട് പൃഥ്വി ഷായും സപ്‌നയും തമ്മില്‍ ഉന്തും തള്ളും കൈയേറ്റവും നടക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ക്രിക്കറ്റ് താരത്തെ ആക്രമിച്ച കേസില്‍ എട്ടു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
1
+1
0
+1
0

Leave a reply