ആവേശം നിറഞ്ഞ മത്സരത്തിൽ സഞ്ജുവിൻ്റെ രാജസ്ഥാന് മിന്നുന്ന വിജയം.

യുവ ബാറ്റർ റുതുരാജ് ഗെയിക്വാദിൻ്റെ സെഞ്ചുറിയുടെ മികവിലും ചെന്നൈക്ക് വിജയിക്കാൻ സാധിച്ചില്ല. ഇന്ന് വൈകുന്നേരം അബുദാബി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം മത്സരത്തിൽ രാജസ്ഥാന് മിന്നുന്ന വിജയം. ഏഴ് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് സീസണിലെ അഞ്ചാം വിജയം കരസ്ഥമാക്കിയത്.

ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങ്ങിന് അയച്ചു. മികച്ച തുടക്കം തന്നെയായിരുന്നു ചെന്നൈ സൂപ്പർ കിങ്സിന്റേത്. ആദ്യ വിക്കറ്റിൽ ഒത്തുചേർന്ന റുതുരാജ് – ഫാഫ് സഖൃം മികച്ച തുടക്കം നൽകി. 19 പന്തിൽ 25 റൺസ് എടുത്താണ് ഡുപ്ലെസിസ് മടങ്ങിയത്. പിന്നാലെ എത്തിയ റെയ്നയ്ക്ക് താളം കണ്ടെത്താൻ സാധിച്ചില്ല. 3 റൺസ് ആയിരുന്നു താരത്തിന്റെ സംഭാവന. പിന്നാലെ എത്തിയ മൊയീൻ അലിയെ കൂട്ടുപിടിച്ച് ഗെയിക്വാദ് സ്കോറിങ് ഉയർത്തി. 17 പന്തിൽ 21 റൺസ് എടുത്ത അലിയെ തെവാട്ടിയ മടക്കി. അവസാന ഓവറുകളിൽ ജഡേജയെ കൂട്ടുപിടിച്ച് ഗെയിക്വാദ് കത്തി കയറി.
15 പന്തിൽ ഔട്ട് ആകാതെ 32 റൺസ് എടുത്ത ജഡേജ ടീമിനെ മാന്യമായ സ്കോറിൽ എത്തിച്ചു. കളിയുടെ അവസാന പന്തിൽ സിക്‌സർ പറത്തി ഗെയിക്വാദ് തൻ്റെ ശതകം പൂർത്തിയാക്കി. രാജസ്ഥാന് വേണ്ടി തെവാട്ടിയ 3 വിക്കറ്റ് നേടി. ചേതൻ സകരിയ റായിഢുവിൻ്റെ വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ്റെ തുടക്കം മികച്ചതായിരുന്നു. ജൈസ്വാൾ – ലൂയിസ് സഖ്യം മിന്നുന്ന തുടക്കമായിരുന്നു രാജസ്ഥാന് നൽകിയത്. ജൈസ്വാൾ 21 പന്തിൽ 50 റൺസും ലൂയിസ് 12 പന്തിൽ 27 റൺസും എടുത്ത് പുറത്തായി. ഇരുവരും മടങ്ങിയതോടെ ശിവം ദുബൈ – സഞ്ജു സാംസൺ കൂട്ടുകെട്ട് അവരുടെ വിജയം ഉറപ്പിച്ചു. 42 പന്തിൽ 4 വീതം ഫോറുകളും സിക്സറുകളുമായി ദുബൈ 64 റൺസെടുത്തു. മലയാളി താരം സഞ്ജു സാംസൺ 28 റൺസ് നേടി ദുബൈയ്ക്ക് പൂർണ്ണ പിന്തുണ നൽകി. സഞ്ജു പുറത്തായതിനു ശേഷം ഇറങ്ങിയ ഗ്ലെൻ ഫിൽപിസ് ടീമിനെ വിജയതീരത്ത് എത്തിച്ചു.

പ്ലേയോഫ് ഉറപ്പിച്ച ചെന്നൈ മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. ദീപക്ക് ചഹറിന് പകരം മലയാളി താരം ആസിഫും ബ്രാവോക്ക് പകരം സാം കുറാനും ടീമിലിടം നേടി. ആസിഫ് 1 വിക്കറ്റും താക്കുർ 2 വിക്കറ്റും നേടി. തൻ്റെ കന്നി സെഞ്ചുറി നേടിയ ഗെയിക്വാദ് ആണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്.

– Rohith

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply