അവസാന പന്ത് വരെ ആവേശം അല തല്ലിയ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് രണ്ട് റൺസിന്റെ ആവിശ്വസനീയ വിജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിനു വേണ്ടി ഓപ്പൺമാരായ എവിൻ ലൂയിസും യശ്വസി ജയ്സ്വാളും ചേർന്ന് മികച്ച തുടക്കം നല്കി. 21 പന്തിൽ 36 റൺസ് നേടി ലൂയിസ് പുറത്താകുമ്പോൾ 5.2 ഓവറിൽ 54 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു രാജസ്ഥാൻ റോയൽസ്. മൂന്നാമനായിറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസൺ നാല് റൺസ് മാത്രം നേടി നിരാശപ്പെടുത്തി. കന്നി അർദ്ധ ശതകത്തിന് ഒരു റൺസ് അകലെ ജയ്സ്വാൾ പുറത്തായി. ഒരു ഘട്ടത്തിൽ രാജസ്ഥാൻ കൂറ്റൻ സ്കോർ നേടുമെന്ന് തോന്നിയെങ്കിലും വാലറ്റം തകർന്നടിഞ്ഞപ്പോൾ 185 റൺസിൽ ഇന്നിങ്സ് അവസാനിച്ചു. പഞ്ചാബിന് വേണ്ടി അർഷദീപ് സിംഗ് അഞ്ച് വിക്കറ്റുകളും മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകളും നേടുകയും ഡെത്ത് ഓവറുകളിൽ രാജസ്ഥാന്റെ റണ്ണൊഴുക്കിന് തടയിടുകയും ചെയ്തു.
മറുപടി ബാറ്റിങ് പതിയെ തുടങ്ങിയ പഞ്ചാബിന് ഡ്രോപ്പ് ക്യാച്ചുകളുടെ പിന്തുണ കൂടി ലഭിച്ചതോടെ മത്സരം കൈപ്പിടിയിലൊതുക്കാമെന്ന നിലയിലെത്തി. ആദ്യ വിക്കറ്റായി 49 റൺസെടുത്ത കെ എൽ രാഹുലിനെ നഷ്ടപ്പെടുമ്പോൾ പഞ്ചാബ് 11.5 ഓവറിൽ 120 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു. തൊട്ടടുത്ത ഓവറിൽ മായങ്ക് അഗർവാളും 67 റൺസിന് പുറത്തായി. എങ്കിലും പഞ്ചാബിന് തന്നെയായിരുന്നു വിജയ സാദ്ധ്യത കൂടുതൽ. പക്ഷെ വിട്ടു കൊടുക്കാൻ രാജസ്ഥാൻ തയ്യാറായിരുന്നില്ല. അവസാന ഓവറിൽ 4 റൺസ് വിജയ ലക്ഷ്യവുമായി നിന്ന പഞ്ചാബിന് പിഴച്ചു. വെറും ഒരു റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ നേടിയ കാർത്തിക്ക് ത്യാഗിയാണ് അവസാനം രാജസ്ഥാന്റെ രക്ഷകന്റെ കുപ്പായം അണിഞ്ഞത്. കാർത്തിക്ക് ത്യാഗി തന്നെയാണ് മാൻ ഓഫ് ദി മാച്ച്. ഈ വിജയത്തോടെ എട്ട് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുകളോടെ രാജസ്ഥാൻ റോയൽസ് അഞ്ചാം സ്ഥാനത്തെത്തി.
✍️ JIA
Leave a reply