രാജസ്ഥാൻ റോയൽസുമായി നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിന് ഏഴ് വിക്കറ്റിന്റെ ഉജ്ജല വിജയം. ഇതോടെ ബംഗളൂരു പതിനൊന്ന് മത്സരങ്ങളിൽ നിന്നും പതിനാല് പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. രാജസ്ഥാനാകട്ടെ എട്ട് പോയിന്റുകളുമായി ഏഴാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. ഇതോടെ രാജസ്ഥാൻന്റെ പ്ലേ ഓഫ് സാദ്ധ്യതകൾ ഏറെക്കുറെ അവസാനിച്ചു.
ടോസ് നേടി രാജസ്ഥാനെ ബാറ്റിങ്ങിനയച്ച കോഹ്ലിയുടെ തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നിപ്പിക്കും വിധമായിരുന്നു ഓപ്പണർ എവിൻ ലൂയിസിന്റെയും യസ്വസി ജയിസ്വാളിന്റെയും തുടക്കം. 8.2 ഓവറിലാണ് ആദ്യ വിക്കറ്റായി ജയിസ്വാളിനെ നഷ്ടപ്പെടുന്നത്. 11 ഓവറിൽ സ്കോർ 100 കടന്നപ്പോൾ ലൂയിസിനെ നഷ്ടമായ രാജസ്ഥാൻ റോയൽസിന് അടി തെറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അവസാന രണ്ട് മത്സരങ്ങളിൽ തുടർച്ചയായി അർദ്ധ ശതകങ്ങൾ നേടിയ ക്യാപ്റ്റൻ സഞ്ജു സാംസണും പ്രതീക്ഷക്കൊത്തുയരാനായില്ല. പതിവുപോലെ മദ്ധ്യനിര തകർന്നടിഞ്ഞപ്പോൾ രാജസ്ഥാൻ ഇന്നിങ്സ് 149/8 എന്ന സ്കോറിൽ അവസാനിച്ചു.
രാജസ്ഥാൻ നിരയിൽ എവിൻ ലൂയിസ് 58 റൺസും ജയിസ്വാൾ 31 റൺസും നേടി. 19 റൺസെടുത്ത സഞ്ജു സാംസൺ റൺ വേട്ടക്കാരുടെ പട്ടികയിൽ ശിഖർ ധവാന്റെ പിന്നിൽ രണ്ടാം സ്ഥാനത്താണ്. ആർസിബിക്കായി ഹർഷൽ പട്ടേൽ മൂന്നും ചഹൽ, ഷഹബാസ് അഹമ്മദ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ കോഹ്ലിയും ദേവ്ദത്ത് പടിക്കലും ചേർന്ന് ബംഗളുരുവിന് മികച്ച തുടക്കം നല്കി. പിന്നീട് വന്ന ശ്രീകാർ ഭരത്തും ഗ്ലെൻ മാക്സ്വെലും ചേർന്ന് പടുത്തുയർത്തിയ കൂട്ടുകെട്ട് ബംഗളുരുവിന്റെ വിജയത്തിൽ നിർണ്ണായകമായി. ഗ്ലെൻ മാക്സ്വെൽ അർദ്ധ ശതകം നേടി പുറത്താകാതെ നിന്നപ്പോൾ ഭരത്ത് 44 റൺസ് നേടി പുറത്തായി.
4 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ നേടിയ യൂസന്ദ്ര ചഹൽ ആണ് മാൻ ഓഫ് ദി മാച്ച്.
✍️ JIA
Leave a reply