പരിക്ക് മാറി ശ്രേയസ് ഐയ്യർ തിരിച്ചെത്തിയിട്ടും ക്യാപ്റ്റൻ സ്ഥാനം റിഷാഭ് പന്തിനു തന്നെ നൽകാനൊരുങ്ങി ഡൽഹി ക്യാപിറ്റൽസ്. പന്തിന്റെ ക്യാപ്റ്റൻസിയിൽ എട്ട് മത്സരങ്ങൾ കളിച്ച ഡൽഹി ക്യാപിറ്റൽസ് ആറ് മത്സരങ്ങൾ വിജയിച്ച് പന്ത്രണ്ട് പോയിന്റുകളോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഈ സാഹചര്യത്തിൽ പരിക്കേറ്റ് മാസങ്ങളായി വിശ്രമത്തിലായിരുന്ന ഐയ്യറിന് നായക പദവി തിരികെ നല്കി പരീക്ഷണത്തിന് മുതിരാൻ മാനേജ്മെന്റിന് താല്പര്യമില്ല.
2018 ഏപ്രിൽ മുതൽ ഏതാണ്ട് രണ്ടര സീസൺ ഡൽഹിയെ നയിച്ച ക്യാപ്റ്റനാണ് ശ്രേയസ് ഐയ്യർ. മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ പൂനെയിൽ വെച്ച് നടന്ന ഏകദിന മത്സരത്തിന്റെ ഫീൽഡിങ്ങിന്റെ ഇടയിലാണ് ഐയ്യറിന് തോളിന് പരിക്ക് പറ്റിയത്. പരിക്കിനെത്തുടർന്ന് ഏകദിന പരമ്പരയും ഐപിഎല്ലും നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് നായക പദവി റിഷാഭ് പന്തിനെ തേടിയെത്തിയത്. ഏപ്രിൽ മാസത്തിൽ ശസ്ത്രക്രിയക്ക് വിധേയനായ ശ്രേയസ് വിശ്രമത്തിന് ശേഷം പരിക്കിൽ നിന്നും പൂർണ്ണ മുക്തനായി ടീമിനോപ്പം ചേർന്നെന്ന് ഡൽഹി ക്യാപിറ്റൽസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
✍️ JIA
Leave a reply