അദാനിയും, യുണൈറ്റഡും ക്ലീൻ ബൗൾഡ്, പുതിയ IPL ടീമുകൾ തീരുമാനമായി.

ഐ.പി.എൽ ടീമുകളെ സ്വന്തമാക്കാൻ ആദ്യം മുതൽ മുന്നിലുണ്ടായിരുന്ന അദാനി ഗ്രൂപ്പിനും, മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾക്കും നിരാശ. സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പും സിവിസി ക്യാപിറ്റൽ പാർട്ട്ണേഴ്സുമാണ് പുതിയ രണ്ട് ടീമുകളുടെ ഉടമകളാവുക. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം 7090 കോടി രൂപയോടെ ആർപിഎസ്ജിയാണ് ഏറ്റവും ഉയർന്ന ടെൻഡർ സമർപ്പിച്ചത്. 5200 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ച സിവിസി രണ്ടാമത് എത്തി. അദാനി ഗ്രൂപ്പിന്റെയും, മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളുടെയും ടെൻഡർ തുക ഇവരേക്കാൾ കുറവാണെന്നാണ് ലഭിക്കുന്ന വിവരം.

കോഴ വിവാദത്തെ തുടർന്ന് രാജസ്ഥാൻ റോയൽസിനെയും ചെന്നൈ സൂപ്പർ കിംഗ്സിനെയും വിലക്കിയിരുന്ന രണ്ട് സീസണുകളിൽ സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പിന് ഐപിഎൽ ടീം ഉണ്ടായിരുന്നു. പൂനെ ആസ്ഥാനമാക്കിയുള്ള റൈസിങ് പൂനെ സൂപ്പർ ജയന്റ് ആയിരുന്നു ആർപിഎസ്ജി ഗ്രൂപ്പിന്റെ ടീം. രാജസ്ഥാനും ചെന്നൈയും തിരികെ എത്തിയതോടെ ഈ ടീം ഇല്ലാതായി. ഫോർമുല 1ന്റെ ഉടമസ്ഥരായിരുന്ന ഇക്വിറ്റി ഫേം സിവിസി ക്യാപിറ്റൽ പാർട്ണേഴ്സ് സ്റ്റാർക്ക് ഗ്രൂപ്പിന്റെയും, സ്കൈ ബെറ്റിങ് ആൻഡ് ഗെയിമിങ് തുടങ്ങിയ കമ്പനികളുടെയും ഉടമകളാണ്.

ലക്നൗ, അഹ്മദാബാദ് എന്നീ നഗരങ്ങളിലാണ് പുതിയ ഫ്രാഞ്ചൈസികൾ. അഹ്മദാബാദ് ഫ്രാഞ്ചൈസിക്ക് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയമാവും ഹോംഗ്രൗണ്ട്.

രാവിലെ തൊട്ടുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് വൈകിട്ടോടെ ടെൻഡർ വിജയിച്ച ഉടമകളുടെ പേരുവിവരങ്ങൾ പുറത്തു വന്നു തുടങ്ങിയത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കുന്നു.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply