കരിബിയൻ പ്രീമിയർ ലീഗ് ടീം സെന്റ് ലൂസിയ സൂക്സ് ഇനി മുതൽ സെന്റ് ലൂസിയ കിങ്‌സ് എന്ന പേരിൽ അറിയപ്പെടും. പുതിയ പേരിനൊപ്പം ടീം ലോഗോയിലും മാറ്റം വരുത്തിയിട്ടുണ്ട്.
ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന്റെ ഉടമസ്ഥതയുള്ള കൺസോർഷ്യമായ കെപിഎച്ച് ഡ്രീം ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ വർഷം ഫ്രാഞ്ചൈസി ഏറ്റെടുത്തതിന്റെ ഭാഗമാണ് ഈ പുനർ നാമകരണം. ഐപിഎൽ 2021 ന് മുമ്പ് കിംഗ്സ് ഇലവൻ പഞ്ചാബും പേര് മാറ്റി പഞ്ചാബ് കിങ്‌സ് എന്നാക്കിയിരുന്നു.
ആൻഡി ഫ്ലവർ പരിശീലിപ്പിക്കുന്ന ടീമിന്റെ ക്യാപ്റ്റൻ ഓസ്ട്രേലിയൻ താരം ഫാഫ് ഡു പ്ലെസിയാണ്. പുതിയ സീസണിൽ അവരുടെ മുൻ ക്യാപ്റ്റൻ ഡാരൻ സമി സഹ പരിശീലകനും ഉപദേഷ്ടാവുമായി ടീമിനോപ്പം ചേരും.
അടുത്തിടെയാണ് രാജസ്ഥാൻ റോയൽസിന്റെ ഉടമകൾ ബാർബഡോസ് ട്രൈഡന്റ്സിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങുകയും ടീമിന് ബാർബഡോസ് റോയൽസ് എന്ന് പേര് മാറ്റുകയും ചെയ്തത്. സെന്റ് ലൂസിയ കിംഗ്സ്, ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് എന്നിവയ്ക്ക് ശേഷം ഐപിഎൽ ഫ്രാഞ്ചൈസി ഉടമകൾ നടത്തുന്ന മൂന്നാമത്തെ ടീമാണ് ബാർബഡോസ് റോയൽസ്.
സിപിഎൽ 2021 ഓഗസ്റ്റ് 26നും സെപ്റ്റംബർ 15നുമിടയിൽ നടക്കും.
സെന്റ് കിറ്റ്സ് & നെവിസിലെ വാർണർ പാർക്ക് സ്റ്റേഡിയമാണ് മത്സര വേദി. ആകെ മുപ്പത്തിമൂന്ന് മത്സരങ്ങളാണ് ടൂർണമെന്റിൽ നടത്തപ്പെടുന്നത്.
- JIA
Leave a reply